മല്ലപ്പള്ളി: സബ്ഇൻസ്പെക്ടർ വേഷം ധരിച്ച് ആൾമാറാട്ടം നടത്തിയ യുവതി അറസ്റ്റിൽ. കൊറ്റനാട് ചാലാപ്പള്ളി നടമലക്കുന്ന് പാറയ്ക്കൽ വിജയന്റെ മകൾ പ്രീതിയാണ് (30) പെരുംപെട്ടി പോലീസിന്റെ പിടിയിലായത്.
ഒമ്പതാംക്ലാസ് വരെ പഠിച്ച പ്രീതി ഒമ്പതുവർഷം മുമ്പ് നാടുവിട്ടതാണ്. വ്യാഴാഴ്ച വൈകുന്നേരം പോലീസ് വേഷത്തിൽ ഓട്ടോറിക്ഷയിൽ പ്രീതി വീട്ടിൽ വന്നിറങ്ങുകയായിരുന്നു. കുടുംബാംഗങ്ങളോടൊപ്പം സെൽഫി എടുത്തു ഫേസ്ബുക്കിൽ പോസ്റ്റു ചെയ്തതാണ് വിനയായത്.
ഫോട്ടോ കണ്ട് സംശയം തോന്നിയ നാട്ടുകാർ രാത്രിയിൽ പെരുംപെട്ടി പോലീസിൽ വിവരം അറിയിച്ചു. രാത്രിതന്നെ പോലീസ് സ്ഥലത്തെത്തി ചോദ്യം ചെയ്തു. വീട്ടുകാർക്ക് മുമ്പിൽ ആളാകാനാണ് വേഷം ധരിച്ചതെന്നും ഏതാനും സീരിയലിൽ പോലീസ് വേഷത്തിൽ അഭിനയിച്ചിട്ടുണ്ടെന്നുമാണ് പ്രീതി പറയുന്നത്. നാടുവിട്ടശേഷം പ്രീതി പാലക്കാട്ടായിരുന്നു താമസം. വ്യാഴാഴ്ച എറണാകുളത്തുനിന്നും പോലീസ് വേഷത്തിലാണ് തിരുവല്ല ബസിൽ സഞ്ചരിച്ചതെന്നും പറയുന്നു. അവിടെനിന്ന് ഓട്ടോറിക്ഷയിൽ വീട്ടിലെത്തി. തട്ടിപ്പോ മറ്റോ ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന് പോലീസ് പറഞ്ഞു.