അടൂര്‍ : കാശ്‌മീരി (ചില്ലി) മുളക് നാട്ടില്‍ വിളയിച്ച് സൗഹൃദ വനിത കൂട്ടായ്‌മ. കൊടുമണ്‍ ഐക്കാട് വടക്ക് 16-ാം വാര്‍ഡില്‍സൗഹൃദ ജെ.എല്‍.ജി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ഐക്കാട് വടക്ക് കരിവിലാക്കോട് ജംഗ്ഷന് സമീപമാണ് മുളക് കൃഷി ചെയ്‌തത്. ചില്ലി വില്ലേജിന്റെ ഭാഗമായിട്ടുള്ള മുളകിന്റെ വിളവെടുപ്പ് നടന്നു. 50 സെന്റ് സ്‌ഥലത്തായിരുന്നു കൃഷി. ജൂണ്‍ ആദ്യമാണ് കൃഷി ആരംഭിച്ചത്. 45-ാം നാള്‍ പൂവിട്ടു. മൂന്നാം മാസം വിളവെടുത്തു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ കൂട്ടായ്‌മ വ്യാപകമായി ചെണ്ടുമല്ലി കൃഷി ചെയ്‌തിരുന്നു. കൃഷിക്ക് ആവശ്യമായ സാങ്കേതിക സഹായവും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ വിപണനവും കുടുംബശ്രീ ജില്ലാ മിഷന്റെ ഉത്തരവാ ദിത്വത്തില്‍ ആണ് നടക്കുന്നത്. മുളക് തൈകള്‍ നല്‍കിയതും ജില്ലാ കുടുംബശ്രീമിഷനാണ്. കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന മുളക് ഉണക്കി പൊടിച്ച് വറ്റല്‍ മുളക് പൊടിയായി വിപണിയിലിറക്കുന്നതിനാണ് പദ്ധതി.
കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന മുളക് നിശ്‌ചിത വിലയ്‌ക്ക് കുടുംബശ്രീ മിഷന്‍ തന്നെ തിരികെ എടുക്കും. കുടുംബ ശ്രീ വിപണന കേന്ദ്രങ്ങള്‍ വഴി ആഭ്യന്തര വിപണിയില്‍ വില്‍ക്കും. കയറ്റുമതി ലക്ഷ്യമാക്കിയാണ് ഇക്കുറി മുളക് കൃഷി നടത്തിയത്. പച്ചമുളകായി തന്നെ നല്‍കിയാല്‍ കിലോയ്‌ക്ക് 60 രൂപയും ഉണക്കി പൊടിച്ച് നല്‍കിയാല്‍ കിലോയ്‌ക്ക് 600 രൂപ ലഭിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാപ്രഭ വിളവെടുപ്പ് ഉദ്‌ഘാടനം ചെയ്‌തു. കുടുംബശ്രീ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്. ആദില, എ.ഡി.എം.സി ബിന്ദു, കൃഷി ഓഫീസര്‍ സ്വാതി ഉല്ലാസ്, ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി സുകു, കൃഷി അസിസ്‌റ്റന്റ് രാജേഷ് കുമാര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സിജമോള്‍, അക്കൗണ്ടന്റ് സീന, അഗ്രി സി.ആര്‍.പി സോണി സുരേന്ദ്രന്‍, എം.ഈ.കണ്‍വീനര്‍ . ഓമന രവി, സൗഹൃദ ജെ.എല്‍.ജി ഗ്രൂപ്പ് അംഗങ്ങളായ ഗിരിജ കൈരളി, രമ ജിത്തിന്‍ഭവന്‍, മല്ലിക വസന്ത മംഗലം, ഹരിപ്രീയ അമ്പാടി എന്നിവരും പങ്കെടുത്തു.