ടെഹ്റാൻ: അമേരിക്ക മിസൈലാക്രമണത്തിൽ വധിച്ച ഖുദ്സ് ഫോഴ്സ് തലവൻ ജനറൽ ഖാസിം സുലൈമാനിയുടെ കബറടക്കം ഇന്ന്. ദശലക്ഷക്കണക്കിന് ആളുകളാണ് സുലൈമാനിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്രയിൽ പങ്കാളികളായത്. അമേരിക്ക തുലയട്ടെ എന്ന മുദ്രാവാക്യങ്ങൾ വിലാപയാത്രയിൽ മുഴങ്ങിയിരുന്നു. അമേരിക്കൻ സൈനികരുടെ കുടുംബങ്ങൾ അവരുടെ മരണവാർത്തയാണ് ഇനി കേൾക്കുകയെന്ന് സുലൈമാനിയുടെ മകൾ സൈനബ് ജനക്കൂട്ടത്തോട് പറഞ്ഞു. തങ്ങളുടെ ഹീറോയെ വധിച്ച അമേരിക്കയോട് പ്രതികാരം ചെയ്യുമെന്ന് സുലൈമാനിയുടെ പിൻഗാമിയായ ഇസ്മയിൽ ഗാനി പറഞ്ഞു.
സുലൈമാനി ഉൾപ്പെടെ വധിക്കപ്പെട്ട ആറുപേരുടെ മൃതദേഹവും വഹിച്ചായിരുന്നു അന്ത്യയാത്ര. അഭൂതപൂർവമായ ജനത്തിരക്ക് ഇസ്‌ലാമിക വിപ്ലവത്തിനു നേതൃത്വം കൊടുത്ത മുൻ പരമോന്നത നേതാവ് ആയത്തുല്ല ഖുമൈനിയുടെ 1989ലെ അന്ത്യയാത്രയെ ഓർമിപ്പിച്ചു. അമേരിക്കൻ സൈനികരുടെ മരണവാർത്ത കേൾക്കാൻ തയാറായിക്കോളൂ എന്ന് ജനക്കൂട്ടം വിളിച്ചുപറഞ്ഞു. വിലാപയാത്രയ്ക്കിടെ നടന്ന പ്രാർഥനയിൽ ഇറാൻ പരമോന്നതനേതാവ് ആയത്തുല്ല അലി ഖമനയി വിങ്ങിപ്പൊട്ടി.
അതേസമയം ഖാസിം സുലൈമാനിയെ വധിക്കാൻ ഉത്തരവിട്ട യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ തലയെടുക്കുന്നവർക്ക് 575 കോടി രൂപ സമ്മാനം നൽകുമെന്ന് ഖുദ്‌സ് ഫോഴ്‌സിന്റെ പുതിയ തലവനായി നിയമിതനായ ഇസ്മയിൽ ഖാനി പറഞ്ഞതായി രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സുലൈമാനിയുടെ ശവസംസ്കാര ചടങ്ങിനിന്റെ ദൃശ്യങ്ങൾ ടെലിവിഷനിൽ സംപ്രേഷണം ചെയ്യുന്നതിനിടെ പശ്ചാത്തല വിവരണം നടത്തിയ ഇസ്മയിൽ ഖാനിയാണ് പാരിതോഷികം വാഗ്ദാനം ചെയ്തത്. ‘80 ദശലക്ഷം ജനമാണ് ഇറാനിൽ ഉള്ളത്. ഒരോ ഇറാനിയും ഓരോ ഡോളർ വീതം നൽകുകയാണെങ്കിൽ അത് 80 ദശലക്ഷം ഡോളറാകും. നമ്മുടെ വിപ്ലവനേതാവിനെ കൊലപ്പെടുത്താൻ ഉത്തരവിട്ട മഞ്ഞമുടിയുള്ള ഭ്രാന്തന്റെ തല കൊണ്ടുവരുന്ന ആർക്കും ഇറാനു വേണ്ടി നമുക്ക് 80 ദശലക്ഷം ഡോളർ നൽകാം’ – ഖാനി പറഞ്ഞു. പ്രഖ്യാപനത്തിന് പിന്നാലെ അധികൃതരുടെ ഇടപെടലിനെ തുടർന്ന് തുടർ സംപ്രേക്ഷണം നിര്‍ത്തിവെച്ചു.