റായ്പൂർ: ഛത്തീസ്ഗഢിലെ ഊർജ, സിമന്റ് പദ്ധതികളിൽ 65,000 കോടി രൂപയുടെ നിക്ഷേപം നടത്താനൊരുങ്ങി ഗൗതം അദാനി. ഇതിനായി മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയെ ഗൗതം അദാനി സന്ദർശിച്ചതായി അധികൃതർ അറിയിച്ചു. റായ്പൂർ, കോർബ, റായ്ഗഡ് എന്നിവിടങ്ങളിലെ ഗ്രൂപ്പിന്റെ പവർ പ്ലാന്റുകൾ വിപുലീകരിക്കാൻ 60,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് യോഗത്തിൽ അദാനി പ്രഖ്യാപിക്കുകയും ചെയ്തു. ഇത് ഛത്തീസ്ഗഡിന്റെ മൊത്തം വൈദ്യുതോൽപ്പാദന ശേഷി 6,120 മെഗാവാട്ട് ആയി വർധിപ്പിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. കൂടാതെ, 5,000 കോടി രൂപ ഗ്രൂപ്പിന്റെ സംസ്ഥാനത്തെ സിമന്റ് പ്ലാന്റുകളുടെ വികസനത്തിനും വിപുലീകരണത്തിനുമായി അദാനി ഗ്രൂപ്പ് ചെയർമാൻ വാഗ്ദാനം ചെയ്തു.
അതേസമയം കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സി.എസ്.ആർ) പ്രകാരമുള്ള വിദ്യാഭ്യാസം, ആരോഗ്യം, നൈപുണ്യ വികസനം, വിനോദസഞ്ചാരം എന്നീ മേഖലകളിൽ അദാനി ഗ്രൂപ്പിൽ നിന്നുമുള്ള സംരംഭങ്ങളെ പിന്തുണക്കുന്നതിനായി അടുത്ത നാലു വർഷത്തിനുള്ളിൽ 10,000 കോടി രൂപ സംസ്ഥാന സർക്കാറിന് അദാനി ഉറപ്പ് നൽകിയെന്നും അധികൃതർ അറിയിച്ചു.