കോട്ടയം: ഗവർണറെ കാണുന്നതിനായി എത്തിയ വിദ്യാർത്ഥിനിയെ പോലീസ് ബലമായി പിടിച്ചുമാറ്റുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എം ജി സർവകലാശാലയിൽ ഗവർണറെ കാണാനായി എത്തിയ വിദ്യാർത്ഥിനി ദീപ മോഹനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റയിലെടുത്ത ശേഷം സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴി ഫേസ്ബുക്ക് ലൈവിട്ട പെൺകുട്ടിയുടെ ഫോണും പോലീസ് പിടിച്ചുവാങ്ങി. പെൺകുട്ടി ‘എന്നെ ദ്രോഹിക്കരുത് സാറേ’ എന്നുള്ള നിലവിളിയും വീഡിയോയിൽ കേൾക്കാം. നാനോ സയൻസിലെ ഗവേഷണ വിദ്യാർത്ഥിയായ ദീപ വൈസ് ചാൻസലർക്കതിരെ പരാതി നൽകാനായാണ് ഗവർണറെ കാണാനെത്തിയത്.
വിദ്യാർത്ഥിനിക്കെതിരെയുള്ള നടപടി പ്രതിഷേധ സാദ്ധ്യത കണക്കിലെടുത്താണെന്ന് പറഞ്ഞ പോലീസ് നിലവിൽ പെൺകുട്ടിയെ കരുതൽ കസ്റ്റഡിയിൽ വച്ചിരിക്കുകയാണ്. എം ജി സർവകലാശാലയിൽ പ്രഭാഷണം നടത്തുന്നതിനായി എത്തിയതായിരുന്നു ഗവർണർ. പ്രഭാഷണത്തിൽ വൈസ് ചാൻസലർമാർ ഒരു വിധത്തിലും സമ്മർദ്ദങ്ങൾക്ക് അടിമപ്പെടരുതെന്നും സർവകലാശാലാ വി സിമാർ നിയമങ്ങൾ അനുസരിച്ച് വേണം പ്രവർത്തിക്കാനെന്നും ഗവർണർ മുന്നറിയിപ്പ് നൽകി. വൈസ് ചാൻസലർമാർക്ക് മേൽ അമിത സമ്മർദ്ദമാണ് ഉള്ളതെന്നും ഗവർണർ പറഞ്ഞു. അടുത്തിടെ എം ജി സർവകലാശാലയിൽ ഉണ്ടായ പരീക്ഷാ മാർക്ക്ദാന വിവാദ വിവാദവും ഗവർണർ എടുത്തുപറഞ്ഞു.
https://www.facebook.com/deepa.pmohanan/videos/2319257831512289/?t=3