കോഴിക്കോട്: ട്രെയിനില്‍ ലക്ഷങ്ങളുടെ സ്വര്‍ണാഭരണ മോഷണങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ചെന്നൈയില്‍. രണ്ടു ട്രെയിനുകളിലെ എ.സി കോച്ചില്‍ നിന്നായി 18 ലക്ഷത്തോളം രൂപയുടെ സ്വര്‍ണ – വജ്രാഭരണങ്ങളാണ് കവര്‍ന്നത്. ട്രെയിന്‍ പുറപ്പെട്ട സ്ഥലത്തു നിന്നു മോഷണം നടന്ന ട്രെയിനുകളില്‍ കമ്പാര്‍ട്ടുമെന്റിലെ അതേ സീറ്റില്‍ യാത്ര ചെയ്ത് അന്വേഷിക്കുന്നതിനായാണ് ഒരു സംഘം ചെന്നൈയില്‍ എത്തിയത്. കൂടാതെ ചെന്നൈ കേന്ദ്രീകരിച്ച് ട്രെയിനുകളില്‍ കവര്‍ച്ച നടത്തുന്നവരെയും നേരത്തേ പ്രതികളായുള്ളവരുടെയും വിവരങ്ങളും ശേഖരിച്ചു വരികയാണ്. ശാസ്ത്രീയമായി തെളിവുകള്‍ ശേഖരിക്കുന്ന പോലീസ് സംഘം രണ്ടു ദിവസം ചെന്നൈയില്‍ തങ്ങും. സിസിടിവി പരിശോധന പുരോഗമിക്കുന്നുണ്ടെന്നും ഡിവൈഎസ്പി അറിയിച്ചു.
രണ്ടു സംഭവങ്ങള്‍ക്കു പിന്നിലും ഒരേ സംഘമല്ലെന്നു ഡിവൈഎസ്പി പറഞ്ഞു. തിരുവനന്തപുരത്തുനിന്നു മംഗലാപുരത്തേക്കുള്ള മലബാര്‍ എക്സ് പ്രസ്സിലും ചെന്നൈ-മംഗലാപുരം സൂപ്പര്‍ ഫാസ്റ്റിലുമാണ് ശനിയാഴ്ച പുലര്‍ച്ചെ മോഷണംനടന്നത്. ചെന്നൈ-മംഗലാപുരം എക്സ് പ്രസ്സിലെ യാത്രക്കാരിയില്‍നിന്ന് 15 ലക്ഷം രൂപയുടെ ആഭരണങ്ങളും 22,000 രൂപയുമാണ് മോഷണം പോയത്. മലബാര്‍ എക്സ് പ്രസ്സിലെ യാത്രക്കാരുടെ ഒന്‍പതര പവന് സ്വര്‍ണാഭരണവും രേഖകളുമാണ് നഷ്ടമായത്. രണ്ടു ദിവസത്തെ അന്വേഷണത്തിനായാണ് പ്രത്യേക സംഘത്തെ ചെന്നൈയിലേക്ക് അയച്ചതെന്നും രണ്ടുദിവസത്തിനുള്ളില്‍ ഇവര്‍ അന്വേഷണം പൂര്‍ത്തിയാക്കി തിരിച്ചെത്തുമെന്നും പാലക്കാട് റെയില്‍വേ പോലീസ് ഡിവൈഎസ്പി എ. ഷറഫുദ്ദീന് പറഞ്ഞു. രണ്ടുട്രെയിനുകളിലും ഒരേസമയം മോഷണം നടന്നത് യാദൃച്ഛികമായാണ് അന്വേഷണസംഘം കാണുന്നത്.






























