കൊച്ചി : ലൈഫ് മിഷൻ പദ്ധതിയിലൂടെ സ്വപ്നയ്ക്ക് കമ്മീഷൻ ലഭിച്ച ഒരു കോടി രൂപയെ കുറിച്ച് തനിക്ക് അറിയില്ലെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കർ. എന്‍ഫോഴ്സ്മെന്‍റ് ചോദ്യം ചെയ്യലിലാണ് ശിവശങ്കര്‍ ഇക്കാര്യം പറഞ്ഞത്. താന്‍ പറഞ്ഞിട്ടല്ല ചാർട്ടേട് അക്കൗണ്ടന്‍റ് വേണുഗോപാൽ ബാങ്കിൽ ലോക്കർ എടുത്തതെന്നും ശിവശങ്കര്‍ പറഞ്ഞു. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അടുത്ത ആഴ്ച വീണ്ടും ചോദ്യം ചെയ്തേക്കും. ഇന്നലെ അഞ്ച് മണിക്കൂറിലധികം ചോദ്യം ചെയ്തതിന് ശേഷമാണ് ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്‍റ് വിട്ടയച്ചത്.
കഴിഞ്ഞ ഏഴാം തീയ്യതി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇതിന് ശേഷം കേസിലെ മുഖ്യപ്രതികളായ സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരെ എന്‍ഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തു. ശിവശങ്കര്‍ നേരത്തെ നല്‍കിയ മൊഴികളില്‍ വൈരുധ്യങ്ങളുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്നലെ വീണ്ടും ചോദ്യം ചെയ്തത്.
2018 ല്‍ പ്രളയഫണ്ട് സ്വരൂപിക്കാന്‍ യുഎഇയില്‍ സര്‍ക്കാര്‍ സംഘം എത്തിയപ്പോള്‍ സ്വപ്നയും ശിവശങ്കറും കൂടിക്കാഴ്ച നടത്തിയിരുന്നു. സ്വര്‍ണക്കടത്ത് സംഘം കോടിക്കണക്കിന് രൂപയുടെ ഹവാല ഇടപാട് നടത്തിയതായി എന്‍ഫോഴ്സ്മെന്‍റ് കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട് ശിവശങ്കറിന് എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യത്തിലാണ് ഇന്നലെ പ്രധാനമായും ചോദ്യം ചെയ്യല്‍ നടന്നത്. കൂടാതെ സ്വപ്നയുടെ ദുരൂഹ വ്യക്തിത്തെക്കുറിച്ച് ശിവശങ്കറിന് നേരത്തെ അറിവുണ്ടായിരുന്നു എന്ന് ഇ ഡി കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യത്തിലും ഇന്നലെ ചോദ്യം ചെയ്യല്‍ നടന്നു.