തിരുവനന്തപുരം : സ്വർണ്ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിൻസിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യും. അദ്ദേഹത്തെ കേസ് അന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ 14 മണിക്കൂര്‍ ചോദ്യം ചെയ്തിട്ടുണ്ട്. തിങ്കളാഴ്ചത്തെ ചോദ്യം ചെയ്യല്‍ ഏറെ നിര്‍ണായകമാവും. തിങ്കളാഴ്ച കൊച്ചിയില്‍ എത്തണമെന്ന നോട്ടീസും നല്‍കിയാണ് വ്യാഴാഴ്ച രാത്രി ചോദ്യംചെയ്യലിനുശേഷം അദ്ദേഹത്തെ വിട്ടയച്ചത്. അതേസമയം കേസുമായി ബന്ധപ്പെട്ട ചിലരുടെ ഫോട്ടോകള്‍ എന്‍ ഐ എ ഉദ്യോഗസ്ഥര്‍ കാണിച്ചപ്പോള്‍ അവരെ അറിയില്ല എന്നായിരുന്നു ശിവശങ്കറിന്റെ മറുപടി എന്നാല്‍ അന്വേഷണ സംഘത്തിന് ആ മറുപടി വിശ്വാസയോഗ്യമായി തോന്നിയില്ല.
അതേസമയം കേസിലെ മുഖ്യ പ്രതികളായ സ്വപ്നസുരേഷും സരിത്തുമായും അടുത്ത സൗഹൃദം പുലര്‍ത്തിയതായി അദ്ദേഹം സമ്മതിക്കുന്നുണ്ട്. അവര്‍ ദുരുപയോഗം ചെയ്തതാണെന്നും അതിനപ്പുറത്തേക്ക് ഒരു ബന്ധവും ഇല്ലെന്നാണ് കഴിഞ്ഞ ദിവസം ശിവശങ്കര്‍ അന്വേഷണസംഘത്തോട് പറഞ്ഞത്. എന്നാല്‍ കേസിലെ മറ്റു പ്രധാന പ്രതികളായ സന്ദീപ്, റമീസ്, ജലാല്‍ എന്നിവരുമായി യാതൊരു ബന്ധമോ സൗഹൃദമോ പുലര്‍ത്തേണ്ട ആവശ്യം ഐ.എ.എസ്. ഉദ്യോഗസ്ഥനായ ശിവശങ്കറിനില്ല. ഒരുപക്ഷെ ശിവശങ്കര്‍ അവരുമായും ബന്ധപ്പെട്ടതിനുള്ള തെളിവുമായിട്ടാണ് അന്വേഷണസംഘം എത്തുന്നതെങ്കില്‍ കുരുക്ക് മുറുകും.
കേസിലെ മുഖ്യപ്രതികളിലൊരാളായ സരിത്തിന്റെ മൊഴി ശിവശങ്കറിന് എതിരാണ്. അദ്ദേഹത്തെ കാണാന്‍ മറ്റു പ്രതികള്‍ക്കൊപ്പം സെക്രട്ടേറിയറ്റിനുള്ളില്‍ എത്തിയിട്ടുണ്ടെന്ന് സരിത്ത് കസ്റ്റംസിനോട് പറഞ്ഞിരുന്നു. ഇതിനിടെ ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതിനെക്കുറിച്ച് നിയമോപദേശം തേടിയിരുന്നു.