കൊച്ചി : സ്വർണക്കടത്തു കേസിൽ സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികൾക്ക് വൻ സാമ്പത്തിക നിക്ഷേപവും രഹസ്യ ബാങ്ക് ലോക്കറുകളുമുണ്ടെന്നും അവ കണ്ടെത്തി പരിശോധന തുടങ്ങിയെന്നും എൻഐഎ കോടതിയെ അറിയിച്ചു. പ്രതികൾ രാജ്യത്തിന്റെ സമ്പദ്ഘടന തകർക്കാനുള്ള ഗൂഢാലോചനയിൽ പങ്കാളികളാണെന്നും അന്വേഷണസംഘം ബോധിപ്പിച്ചു. സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരുടെ കുറ്റസമ്മതമൊഴികൾ അടങ്ങുന്ന റിമാൻഡ് റിപ്പോർട്ടിലാണ് എൻഐഎ ഇക്കാര്യം പറയുന്നത്. രഹസ്യവിവരങ്ങളുമായി സ്വപ്നയുടെ 6 ഫോണുകളും 2 ലാപ്ടോപ്പുകളും കണ്ടെത്തി. ഫെയ്സ് ലോക്കുള്ള 2 ഫോണുകളിൽ നിന്നു ഗൂഢാലോചനയുടെ തെളിവുകൾ ലഭിച്ചു. മായ്ച്ചുകളഞ്ഞ സന്ദേശങ്ങൾ സൈബർ ഫൊറൻസിക് വിദഗ്ധരുടെ സഹായത്തോടെ വീണ്ടെടുക്കാൻ ശ്രമിക്കുന്നു.
ദേശവിരുദ്ധ ബന്ധമുള്ള കെ.ടി. റമീസാണു സൂത്രധാരൻ. വിദേശബന്ധങ്ങളുള്ള ഇയാൾക്കു വേറെയും സ്വർണക്കടത്തു ശൃംഖലകളുണ്ട്. കസ്റ്റംസിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം റമീസിനെ എൻഐഎ കസ്റ്റഡിയിൽ വാങ്ങി അന്വേഷണം തുടരും. ലോക്ഡൗൺ കാലത്തു നയതന്ത്ര ചാനൽ വഴി പരമാവധി സ്വർണം ഇന്ത്യയിലെത്തിക്കണമെന്നു നിർദേശിച്ചതും ഒത്താശ ചെയ്തതും റമീസാണ്. ഈ സ്വർണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കു വിനിയോഗിച്ചതിന്റെ പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി സി.രാധാകൃഷ്ണപിള്ള അറിയിച്ചു. മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരേ പ്രതികൂല പരാമർശങ്ങളൊന്നും റിമാൻഡ് റിപ്പോർട്ടിലില്ല.