പാലക്കാട് : തൃത്താല ആനക്കരയില്‍ ഗുഡ്‌സ് ഓട്ടോയും പാസഞ്ചര്‍ ഓട്ടോയും കൂട്ടിമുട്ടി രണ്ട് പേര്‍ മരിച്ചു. ഇന്നലെ രാത്രി 7.30 നാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. ആനക്കര സ്‌ക്കൈലാബില്‍ വെച്ചാണ് അപകടം. ആനക്കര ചേക്കോട് കോറാത്ത് മുഹമ്മദ് (50), മലപ്പുറം ജില്ലയിലെ ആതവനാട് പാറ വെട്ടിക്കാട്ട് വീട്ടില്‍ സെയ്ഫുദീന്‍ (21) എന്നിവരാണ് മരിച്ചത്.
അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഇരുവരേയും എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാസഞ്ചര്‍ ഓട്ടോ ഡ്രൈവര്‍ ആനക്കര മേപ്പാടം കൊളളാട്ട് വളപ്പില്‍ മുനീര്‍ (35), ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ ആതവനാട് പാറ അജ്മല്‍ ഹുസൈന്‍ (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാറ്ററിങ്ങ് സര്‍വ്വീസ് നടത്തി പടിഞ്ഞാറങ്ങാടി ഭാഗത്ത് നിന്ന് ആതവനാട് ഭാഗത്തേക്ക് പോകുന്ന ഗുഡ്‌സ് ഓട്ടോയും ആനക്കരയില്‍ നിന്ന് യാത്രക്കാരനുമായി ചേക്കോട് ഭാഗത്തേക്ക് പോയ ഓട്ടോറിക്ഷയുമാണ് അപകടത്തില്‍പ്പെട്ടത്.