തിരുവനന്തപുരം: ഈമാസത്തെ റേഷൻ വിതരണം രണ്ടുദിവസം കൂടി നീട്ടാൻ തീരുമാനം. നാളെയും തിങ്കളാഴ്ചയും റേഷൻ വാങ്ങാം. ആധാർ പുതുക്കലിന്റെ ഭാഗമായി സെർവർ തകരാറിനെത്തുടർന്ന് രാവിലെ റേഷൻ വിതരണം ഭാഗീകമായി തടസപ്പെട്ടതിനെത്തുടർന്നാണ് തീരുമാനം. അതേസമയം, അടിക്കടി റേഷൻ വിതരണം തടസപെടുന്നതിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം രംഗത്തെത്തി. റേഷൻ വിതരണം തടസപ്പെടുന്നതിന് ഓരോ തവണയും ഓരോ കാരണമാണ്. ഇത്തവണ റേഷൻ മുടക്കിയത് കേന്ദ്രത്തിന്റെ ആധാർ പുതുക്കലാണെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു.
ആധാർ സെർവറിലെ ലോഡ് കൂടിയത് ബയോമെട്രിക് വിവരങ്ങൾ ലഭിക്കാൻ മിക്കയിടുത്തും കാലതാമസമെടുത്തു. ഇതേത്തുടർന്നാണ് ഭക്ഷ്യമന്ത്രി ജി.ആർ.അനിലിന്റെ നിർദേശപ്രകാരം ഈമാസത്തെ റേഷൻ രണ്ടുദിവസം കൂടി തുടരാൻ തീരുമാനിച്ചത്. ഇന്ന് മാത്രം ഇതുവരെ അഞ്ച് ലക്ഷം കാർഡുടമകൾ റേഷൻ വാങ്ങി. അതേസമയം, രാവിലെ റേഷൻകടകളിലെത്തിയവർക്കാണ് സാങ്കേതിക തടസം മൂലം മടങ്ങിപ്പോകേണ്ടിവന്നത്. ഇതിനിടെ, റേഷൻ മുടക്കം പ്രതിപക്ഷവും ആയുധമാക്കി. ആകെയുള്ള 93 ലക്ഷത്തി 63000 കാർഡുടമകളിൽ ഇത്തവണ 88.5 ലക്ഷം പേരും റേഷൻ വാങ്ങിയിട്ടുണ്ട്.