മുസാഫർനഗർ: ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ പ്രിൻസിപ്പൽ അപമാനിച്ചെന്ന് ആരോപിച്ച് ക്യാമ്പസിൽ സ്വയം തീ കൊളുത്തി ബിരുദവിദ്യാർത്ഥി. എഴുപത് ശതമാനത്തിലേറെ പൊള്ളലേറ്റ വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ. മുസാഫർനഗറിലെ ബുധാനയിലാണ് സംഭവം. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ് യുവാവ്. കഴിഞ്ഞ ദിവസം നടന്ന പരീക്ഷ ഫീസ് അടച്ചില്ലെന്ന കാരണത്താൽ വിദ്യാർത്ഥിയെ എഴുതാൻ അനുവദിച്ചിരുന്നില്ല.
ഉജ്ജ്വൽ റാണ എന്ന 20കാരനാണ് ക്യാംപസിനുള്ളിൽ ആത്മഹത്യാ ശ്രമം നടത്തിയത്. മൂന്നാം സെമസ്റ്റർ പരീക്ഷ എഴുതുന്നതിൽ നിന്നാണ് ഉജ്ജ്വലിനെ വിലക്കിയത്. ആത്മഹത്യാ ശ്രമം നടത്തുന്നതിന് രണ്ട് ദിവസം മുൻപ് റെക്കോർഡ് ചെയ്ത വീഡിയോ പുറത്ത് വന്നതോടെയാണ് പ്രിൻസപ്പലിൽ നിന്ന് നേരിടേണ്ടി വന്ന അപമാനം 20കാരൻ വിശദമാക്കിയത്. എഴുപത് ശതമാനത്തിലേറെ പൊള്ളലുമായി ദില്ലിയിൽ ചികിത്സയിലാണ് 20കാരൻ.





























