പത്തനംതിട്ട: പുതിയ അധ്യയന വർഷാരംഭത്തിൽ സ്കൂളുകളിൽ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനായി ‘ഹരിത വിദ്യാലയം’ ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. ശുചിത്വ മിഷന്റെ മാർഗനിർദ്ദേശങ്ങൾക്കനുസരിച്ച് നടപ്പാക്കുന്ന ക്യാമ്പയിനിലൂടെ മാലിന്യ നിർമ്മാർജനം, ഉറവിട മലിനീകരണ നിയന്ത്രണം, പുനരുപയോഗം എന്നിവ കുട്ടികളിലേക്ക് പ്രായോഗിക രീതികളിൽ എത്തിക്കുകയാണ് പ്രധാന ലക്ഷ്യം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിതകർമസേന അംഗങ്ങൾ സ്കൂളിലെ ഓരോ ക്ലാസ് മുറികളും നേരിട്ട് സന്ദർശിച്ച് 30 മിനിറ്റ് കുട്ടികളുമായി സംവദിക്കുന്നതാണ് ക്യാമ്പയിന്റെ പ്രധാന ആകർഷണം. വിവിധ തരം മാലിന്യങ്ങൾ മൂലം ഉണ്ടാകാൻ സാധ്യതയുള്ള പ്രശ്‌നങ്ങൾ, ജൈവ-അജൈവ മാലിന്യങ്ങൾ ശരിയായി വേർതിരിക്കേണ്ടതിന്റെ പ്രായോഗിക രീതികൾ, മാലിന്യ സംസ്കരണത്തിന്റെ സാമൂഹ്യ-പാരിസ്ഥിതിക പ്രാധാന്യം എന്നിവ ഹരിതകർമസേനാംഗങ്ങൾ കുട്ടികൾക്ക് വിശദീകരിച്ചു നൽകുന്നു.
കൂടാതെ മാലിന്യശേഖരണത്തിന് വീടുകളിൽ നൽകേണ്ടി വരുന്ന യൂസർ ഫീയുടെ പ്രാധാന്യവും സാമൂഹിക ഉത്തരവാദിത്തവും അജൈവ മാലിന്യങ്ങൾ റീസൈക്ലിങ്ങിനായി എങ്ങനെ വൃത്തിയാക്കി സൂക്ഷിക്കണം, മാലിന്യ സംസ്കരണത്തിൽ വിദ്യാർത്ഥികളുടെ പങ്ക് തുടങ്ങിയ സന്ദേശങ്ങളും കുട്ടികളിലേക്ക് എത്തിക്കുന്നുണ്ട്. ക്യാമ്പയിന്റെ ഏറ്റവും ആകർഷണീയമായ പ്രവർത്തനം ഒരു സ്വാപ്പ് ഷോപ്പ് കൗണ്ടർ സജ്ജീകരിക്കുകയാണ്. തങ്ങൾക്ക് ഇനി ആവശ്യമില്ലാത്തതും എന്നാൽ മറ്റുള്ളവർക്ക് ഉപയോഗപ്രദവുമായ നല്ല നിലവാരമുള്ള വസ്‌തുക്കൾ പരസ്പരം കൈമാറാനുള്ള അവസരമാണ് ഈ ഷോപ്പിലൂടെ ഒരുക്കിയിരിക്കുന്നത്. വീട്ടിൽ ഉപയോഗിക്കാതെ ഇരിക്കുന്ന പുസ്തകങ്ങൾ, കുടകൾ, ജിയോമെട്രി ബോക്‌സുകൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവ കുട്ടികൾ സ്കൂളിൽ എത്തിക്കുന്നു. ഇങ്ങനെ കൊണ്ടുവരുന്ന സാധനങ്ങളുടെ ഗുണനിലവാരവും മൂല്യവും പരിശോധിച്ച് കുട്ടികൾക്ക് പ്രത്യേക ‘പേപ്പർ ടോക്കണുകൾ’ നൽകും. ഈ ടോക്കണുകൾ ഉപയോഗിച്ച് സ്വാപ്പ് ഷോപ്പിൽ ലഭ്യമായിട്ടുള്ള, തങ്ങൾക്ക് ആവശ്യമുള്ള മറ്റേതെങ്കിലും സാധനങ്ങൾ കുട്ടികൾക്ക് സ്വന്തമാക്കാൻ സാധിക്കും. പണമിടപാടുകളില്ലാതെ, പൂർണ്ണമായും ടോക്കൺ വ്യവസ്ഥയിലാണ് ഷോപ്പിന്റെ പ്രവർത്തനം.
ഉപഭോഗസംസ്കാരം വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ,ഒരു സാധനം കേടുപാടുകൾ കൂടാതെ മറ്റൊരാൾക്ക് കൂടി ഉപയോഗിക്കാൻ സാധിക്കുമെന്ന തിരിച്ചറിവ് കുട്ടികളിൽ ഉണ്ടാക്കുകയാണ് ഇതിന്റെ ലക്ഷ്യം. മാലിന്യ നിർമ്മാർജ്ജനത്തിലേക്കും പരിസ്ഥിതി സംരക്ഷണത്തിലേക്കുമുള്ള വലിയൊരു ചുവടുവെപ്പാണിത്. ലളിതമായ കൈമാറ്റത്തിലൂടെ റീയൂസ് എന്ന വലിയൊരു ആശയം പ്രായോഗികമാക്കാൻ സാധിക്കുമെന്ന് ഈ കുട്ടിഷോപ്പിലൂടെ വിദ്യാർത്ഥികൾ മനസ്സിലാക്കുന്നു. ക്യാമ്പയിന്റെ ഭാഗമായി ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സ്കൂളിൽ പ്രത്യേക പരിസ്ഥിതി ദിന പ്രതിജ്ഞയും വിദ്യാർത്ഥികൾ ഒന്നിച്ച് ചൊല്ലും. കേരളത്തിന്റെ പ്രകൃതിഭംഗിയും ശുചിത്വവും കാത്തുസൂക്ഷിക്കുമെന്നും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പരമാവധി കുറയ്ക്കുമെന്നും കുട്ടികൾ പ്രതിജ്ഞയെടുക്കും.
മാലിന്യങ്ങൾ ജൈവമെന്നും അജൈവമെന്നും ഉറവിടത്തിൽ തന്നെ വേർതിരിച്ച് സംസ്കരിക്കുമെന്നും പ്രകൃതിക്കുമേലുള്ള ആഘാതം കുറയ്ക്കാൻ വേണ്ടി ഉപയോഗം കുറയ്ക്കൽ, പുനരുപയോഗം, പുനരുപചംക്രമണം എന്നീ ശീലങ്ങൾ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുമെന്നും പ്രതിജ്ഞയിലുണ്ട്. വിദ്യാലയ പരിസരവും ക്ലാസ്സ് മുറികളും എപ്പോഴും വൃത്തിയായി സൂക്ഷിക്കുമെന്നും നാടിനെ ശുചിയായി സൂക്ഷിക്കുന്ന ഹരിത കർമ്മസേനയോടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടും പൂർണ്ണമായും സഹകരിക്കുമെന്നും കുട്ടികൾ പ്രതിജ്ഞ ചെയ്യും. പരിസ്ഥിതി ദിന പ്രതിജ്ഞ വിദ്യാർത്ഥികളിൽ വലിയൊരു ഉത്തരവാദിത്തബോധം വളർത്താൻ സഹായിക്കും. കേന്ദ്ര ഗവൺമെന്റിന്റെ ആഭിമുഖ്യത്തിൽ ജൂൺ 1 മുതൽ രാജ്യവ്യാപകമായി നടക്കുന്ന ‘സ്വച്ഛ് ഗ്രാമം’, ‘സുരക്ഷിത ജലവായു’, ‘ശുചിത്വ ഹരിത ഗ്രാമങ്ങൾ’ തുടങ്ങിയ ക്യാമ്പയിനുകളുടെ ഭാഗമായാണ് സ്കൂളുകളിലും ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.































