അഹമ്മദാബാദ് : നഗരത്തിലെ മാംസാഹാരം വിൽക്കുന്ന ഭക്ഷണശാലകൾ അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ അടച്ചു പൂട്ടിയതിനെതിരെ കടുത്ത വിമർശനവുമായി ഗുജറാത്ത് ഹൈക്കോടതി. അടുത്തിടെ, കോർപ്പറേഷൻ ചില സ്റ്റാളുകൾ പൂട്ടിച്ചതും പിടിച്ചെടുത്തതും സംബന്ധിച്ചുള്ള ഹർജികൾ പരിഗണിച്ചപ്പോഴാണ് ജസ്റ്റിസ് ബൈരൻ വൈഷ്ണവ് കടുത്ത ഭാഷയിൽ നടപടിയെ വിമർശിച്ചത്. മാംസാഹാരവും മുട്ടയും കൂടാതെ പച്ചക്കറി വിൽപ്പന നടത്തുന്നവരും ഹർജി നൽകിയവരിൽ ഉൾപ്പെടുന്നു.
തങ്ങളുടെ സാധനങ്ങളും സാമഗ്രികളും വിട്ടുനൽകുന്നതിനായി ഹർജിക്കാർ സമീപിച്ചാൽ എത്രയും വേഗത്തിൽ അത് പരിഗണിക്കണമന്നും കേസ് തീർപ്പാക്കുന്നതിന് മുമ്പ് ജസ്റ്റിസ് കോർപ്പറേഷന് നിർദേശം നൽകി. “ആരുടെയെങ്കിലും ഈഗോ തൃപ്തിപ്പെടുത്താൻ ഇത്തരം നടപടികൾ സ്വീകരിക്കരുതെന്ന്” ഉള്ള മുന്നറിയിപ്പും സിംഗിൾ ബെഞ്ച് ജഡ്ജി നൽകിയിട്ടുണ്ട്. ഒരാൾ അവരുടെ വീടിന് പുറത്ത് നിന്ന് എന്ത് കഴിക്കണമെന്ന് ഭരണകൂടം തീരുമാനിക്കുമോയെന്ന് പ്രതിഭാഗം അഭിഭാഷകനോട് കോടതി ചോദിച്ചു.
ഇവിടെ എന്താണ് പ്രശ്നമായി തോന്നുന്നത്? നിങ്ങൾക്ക് മാംസാഹാരം ഇഷ്ടമല്ല, അത് നിങ്ങളുടെ വീക്ഷണമാണ്. ഞാൻ പുറത്ത് എന്ത് കഴിക്കണമെന്ന് നിങ്ങൾക്ക് എങ്ങനെ തീരുമാനിക്കാനാകും? കോടതി ചോദ്യമുന്നയിച്ചു. സാഹചര്യം വിശദീകരിക്കാൻ കോർപ്പറേഷന്റെ അഭിഭാഷകൻ ശ്രമിച്ചെങ്കിലും ആളുകൾ ആഗ്രഹിക്കുന്നത് കഴിക്കുന്നതിൽ നിന്ന് നിങ്ങൾക്ക് എങ്ങനെ തടയാനാകുമെന്ന് വീണ്ടും കോടതി ചോദിച്ചു.
രാജ്‌കോട്ടിൽ നിന്നാണ് പ്രശ്‌നങ്ങൾ ആരംഭിച്ചതെന്നും തെരുവിൽ നോൺ-വെജ് ഭക്ഷണം വിൽക്കുന്നതിൽ കൗൺസിലർ പ്രകോപിതനായെന്നും വ്യാപാരികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ശുചിത്വ നിയമങ്ങൾ പാലിക്കാത്തതിന്റെ പേരിലാണ് പിടിച്ചെടുക്കൽ എന്ന മറപിടിച്ചാണ് നടപടിയെടുത്തതെന്നും എന്നാൽ, ഇത് സംബന്ധിച്ച ഉത്തരവുകൾ ഒന്നും ഇല്ലായിരുന്നുവെന്നും ഹർജിക്കാർ പറഞ്ഞു.