ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന 14 പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രീം കോടതിയുടെ അസാധാരണ നടപടി. ആനന്ദ് ജില്ലയിലെ ഒഡെയില്‍ 23 പേരെ കൊന്ന കേസിലെ പ്രതികള്‍ക്കാണ് ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബഞ്ച് ഇടക്കാല ജാമ്യം അനുവദിച്ചത്. ഇവരെ ഗുജറാത്തിന് പുറത്തേക്ക് മാറ്റാനും കോടതി ഉത്തരവിട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ആത്മീയ, സാമൂഹിക സേവനങ്ങള്‍ ചെയ്യാനാണ് പ്രതികളോട് കോടതി ആവശ്യപ്പെട്ടത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജീവിതോപാധി കണ്ടെത്താന്‍ ഇവരെ സഹായിക്കണമെന്ന് അധികൃതരോടും കോടതി ആവശ്യപ്പെട്ടു. ഇവരുടെ പെരുമാറ്റത്തെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റിക്കും നിര്‍ദേശം നല്‍കി.
ഇന്‍ഡോര്‍, ജബല്‍പൂര്‍ എന്നിവിടങ്ങളിലേക്കാണ് പ്രതികളെ മാറ്റിയത്. അനുമതിയില്ലാതെ ജില്ല വിട്ട് പുറത്തു പോകരുതെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.ഗുജറാത്ത് ഹൈക്കോടതിയാണ് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നത്. ഇതിനെതിരെ പ്രതികള്‍ നല്‍കിയ അപ്പീല്‍ 2018 മുതല്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്. അപ്പീല്‍ പരിഗണനയില്‍ ഇരിക്കെയാണ് ഇവര്‍ക്ക് ജാമ്യം നല്‍കിയത്. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ ഗുജറാത്ത് സര്‍ക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എതിര്‍ത്തു.