കോട്ടയം : സി.എസ്.ആര്‍. ഫണ്ടില്‍ ഉള്‍പ്പെടുത്തി സ്‌കൂട്ടര്‍ പകുതി വിലയ്ക്ക് നല്‍കാമെന്ന വാഗ്ദാനത്തില്‍ കുടുങ്ങിയവരില്‍ കോട്ടയം ജില്ലയില്‍ ഏറ്റവും കൂടുല്‍ പേര്‍ ഉള്ളത് ഈരാറ്റുപേട്ട ബ്ലോക്ക് പരിധിയില്‍. എണ്ണൂറിലധികം പേരില്‍ നിന്ന് 3.5 കോടിയുടെ തട്ടിപ്പ് നടത്തിയതായാണ് പ്രാഥമിക വിവരം. പരാതിയുമായി വരുന്നവരെ കേസില്‍ കക്ഷി ചേര്‍ക്കുകയാണ് പോലീസ് ചെയ്യുന്നത്. പ്രതി അനന്തു കൃഷ്ണനെ ശനിയാഴ്ച ഈരാറ്റുപേട്ടയില്‍ കൊണ്ടു വന്നെങ്കിലും മറ്റക്കാട് ഭാഗത്താണ് തെളിവെടുപ്പ് നടത്തിയത്. ഈരാറ്റുപേട്ടയിലെ ഓഫീസില്‍ കൊണ്ടുവരുമെന്നു കരുതി പലരും കാത്തുനിന്നിരുന്നു. ഭൂമി വാങ്ങി കൂട്ടിയ സ്ഥലങ്ങളിലും പ്രതിയെ എത്തിച്ചിരുന്നു. ഈരാറ്റുപേട്ടയില്‍ ഭൂമി വാങ്ങിയ സ്ഥലത്താണ് ആദ്യം എത്തിച്ചത്. ഇടുക്കിയിലും ഈരാറ്റുപേട്ടയിലുമായി അഞ്ച് ഇടങ്ങളില്‍ ഭൂമി വാങ്ങിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ് നടത്തിയത്.
ഒരു വര്‍ഷം മുമ്പാണ് പൂഞ്ഞാര്‍ റോഡില്‍ എം.എല്‍.പി.എസിന് സമീപത്ത് സൊസൈറ്റി ഓഫീസ് ആരംഭിച്ചത്. ഈരാറ്റുപേട്ട സോഷ്യോ എക്കണോമിക് ഡെവലപ്‌മെന്റ് സൊസൈറ്റി എന്ന പേ രില്‍ സര്‍ദാര്‍ പട്ടേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് റിസര്‍ച് ആന്റ് ഡെവലപ്‌മെന്റ് സ്റ്റഡീസായാണ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്.
ന്യൂനപക്ഷ വിഭാഗത്തിന് വിദ്യാഭ്യാസത്തിന് ആവശ്യമായ സഹായവും ചെയ്യുമെന്നാണ് അറിയിച്ചത്. വീടുകള്‍ കയറി ആളെ കണ്ടെത്തുന്നതിന് വനിത ജീവനക്കാരെയും നിയമിച്ചു. പകുതി വിലയ്ക്ക് ലാപ്‌ടോപ്പും മെഷീനും വാങ്ങിയ നൂറുകണക്കിന് പേരാണ് സ്‌കൂട്ടര്‍ ലഭിക്കാന്‍ പകുതി തുക അടച്ചത്. ആദ്യം ബുക്ക് ചെയ്ത കുറച്ചു പേര്‍ക്ക് വാഹനം കൊടുക്കാന്‍ രണ്ടു മാസം മുമ്പ് പി.ടി.എം.എസ് ഓഡിറ്റോറിയത്തില്‍ പരിപാടി ഇവര്‍ സംഘടിപ്പിച്ചിരുന്നു. രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ ഉദ്ഘാടകരായി എത്തിച്ചേരുകയും ചെയ്തു.
അനന്തു അറസ്റ്റിലായതിനെ തുടര്‍ന്ന് ഇവിടുത്തെ ഓഫീസ് പൂട്ടി പോലീസ് സീല്‍ വെച്ചിട്ടുണ്ട്.