ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ താനും കൂട്ടാളികളുമാണെന്ന് മാഫിയാ നേതാവ് ‘ഗോൾഡി ബ്രാർ’ എന്നറിയപ്പെടുന്ന സതീന്ദർജീത് സിങ്. ഒരു ശബ്ദസന്ദേശത്തിലാണ് സിങ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. കാനഡ കേന്ദ്രീകരിച്ചുപ്രവർത്തിക്കുന്ന കമന്റേറ്ററും മാധ്യമപ്രവർത്തകയുമായ റുചി വാലിയാണ് സാമൂഹികമാധ്യമത്തിലൂടെ ഓഡിയോ ഫയലുകൾ പുറത്തുവിട്ടത്. ഇവ അന്താരാഷ്ട്ര സംഘടിത കുറ്റകൃത്യസംഘങ്ങൾക്കെതിരേയുള്ള ‘ഓപ്പറേഷൻ ഹാർഡ് ബാളി’ന്റെ ഭാഗമായി ലഭിച്ചവയാണെന്നാണ് റിപ്പോർട്ട്. എന്നാൽ, ശബ്ദസന്ദേശത്തിന്റെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല.
പഞ്ചാബിലെ ഫരീദ്കോട്ടിൽനിന്നുള്ള ഗോൾഡി ബ്രാർ, ഖലിസ്താൻ നേതാവ് പരംജിത് സിങ് പമ്മയുമായി സംസാരിക്കുന്നതാണ് ക്ലിപ്പിലുള്ളത്. പ്രായപൂർത്തിയാകാത്തവരെ മയക്കുമരുന്നുകടത്തിന് ഉപയോഗിച്ചതിനുള്ള പ്രതികാരമാണ് നിജ്ജറുടെ കൊലപാതകമെന്ന് ഇയാൾ പറയുന്നുണ്ട്. “അവർ 16, 17 വയസ്സുള്ളവരെ മയക്കുമരുന്ന് വിൽക്കാൻ പരിശീലിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഭീഷണിപ്പെടുത്തി മയക്കുമരുന്ന് വിൽപ്പനയ്ക്കു നിർബന്ധിച്ചു. ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാനായി നിജ്ജർ ഇവരെ പിന്തുണച്ചു. സ്വന്തം പ്രവൃത്തികളുടെ അനന്തരഫലങ്ങൾ ഒാരോരുത്തരും നേരിടേണ്ടിവരും” -ബ്രാർ പറയുന്നതായി കേൾക്കാം.
ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുടെ ക്രിമിനൽ സംഘവുമായി അടുത്ത ബന്ധമുള്ളയാളാണ് ഗോൾഡി. അതിന്റെ പേരിൽ 2026 ജൂലായിൽ അമേരിക്കൻ കുറ്റാന്വേഷണ ഏജൻസിയായ എഫ്.ബി.ഐ. ഇയാൾക്കെതിരേ നടപടി സ്വീകരിച്ചിരുന്നു. ബ്രാറിന്റെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 50,000 ഡോളർ പാരിതോഷികവും പ്രഖ്യാപിച്ചു. കൊലപാതകം, വെടിവെപ്പ്, തട്ടിക്കൊണ്ടുപോകൽ, കവർച്ച, മയക്കുമരുന്ന്, ആയുധക്കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങളുമായി ഈ സംഘത്തിന് ബന്ധമുണ്ടെന്നാണ് ആരോപണം. ജൂലായ് ഒന്നിന് കാലിഫോർണിയ ഫെഡറൽ കോടതി ഇയാൾക്കെതിരേ അറസ്റ്റുവാറന്റ് പുറപ്പെടുവിച്ചിരുന്നു.






























