ചണ്ഡിഗഢ്: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ ഹരിയാനയില്‍ ബസ് സര്‍വീസ് ആരംഭിച്ചു. ലോക്ക് ഡൗണിന് ശേഷം അന്തര്‍ ജില്ലാ ബസ് സര്‍വീസ് ആരംഭിച്ച ആദ്യ സംസ്ഥാനമാണ് ഹരിയാന. വെള്ളിയാഴ്ച ആദ്യസര്‍വീസ് നടത്തി. ലോക്ക് ഡൗണില്‍ സംസ്ഥാനത്ത് കുടുങ്ങിയ ഇതര സംസ്ഥാനക്കാരെ തിരിച്ചെത്തിക്കാന്‍ സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്തിന്റെ പല ജില്ലകളില്‍ കുടുങ്ങിയവര്‍ക്ക് തിരിച്ചുപോവാന്‍ സംവിധാനങ്ങളൊന്നുമില്ല. ഇതേ തുടര്‍ന്നാണ് അന്തര്‍ ജില്ലാ ബസ് സര്‍വീസ് ആരംഭിച്ചതെന്ന് ഹരിയാന പോലിസ് മേധാവി മനോജ് യാദവ് പറഞ്ഞു.
വെള്ളിയാഴ്ചയാണ് അന്തര്‍ ജില്ലാ സര്‍വീസ് ആരംഭിച്ചത്. ഒരു ജില്ലയില്‍ നിന്നും പുറപ്പെട്ടാല്‍ ലക്ഷ്യസ്ഥാനത്ത് മാത്രമേ സ്റ്റോപ്പ് അനുവദിക്കുന്നുള്ളൂ. ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യണം. എട്ട് ഡിപ്പോകളില്‍ നിന്നും വിവിധ ഭാഗങ്ങളിലേക്ക് ബസ് സര്‍വീസ് നടത്തി. 52 പേര്‍ക്ക് യാത്ര ചെയ്യാന്‍ സൗകര്യമുള്ള ബസ്സില്‍ 30 പേരെ മാത്രമേ കയറ്റുന്നുള്ളൂ, സുരക്ഷാ മുന്‍കരുതലുകളും സാമൂഹിക അകലവും പാലിച്ചുകൊണ്ടാണ് യാത്ര നടത്തുന്നത്.
തെര്‍മല്‍ സ്‌ക്രീനിങ് നടത്തിയതിനു ശേഷം മാത്രമേ യാത്രക്കാരെ ബസില്‍ കയറ്റുകയുള്ളൂവെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലൊരാള്‍ വ്യക്തമാക്കി. ലോക്ക് ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചില വ്യവസായ ശാലകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അനുമതിയും ഹരിയാന സര്‍ക്കാര്‍ നല്‍കിയിരുന്നു. 818 പേര്‍ക്കാണ് ഹരിയാനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 11 പേര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു.