ചെന്നൈ : തമിഴ്നാട്ടിലെ കണ്ടെയ്ന്മെന്റ് മേഖലകള്‍ അല്ലാത്ത സ്ഥലങ്ങളിലെ മദ്യശാലകള്‍ പോലീസ് സുരക്ഷയില്‍ തുറന്നു. എന്നാല്‍ ചെന്നൈ, തിരുവള്ളൂര്‍ എന്നീ സ്ഥലങ്ങളില്‍ മദ്യശാലകള്‍ തുറന്നില്ല. കേന്ദ്രസര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ മദ്യശാലകള്‍ തുറന്നിരുന്നു. എന്നാല്‍ മദ്രാസ് ഹൈക്കോടതി വിധിയെ തുടര്‍ന്ന് മദ്യശാലകള്‍ അടച്ചിരുന്നു. ഈ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തതിനെ തുടര്‍ന്നാണ് മദ്യശാലകള്‍ വീണ്ടും തുറന്നത്.
ഒറ്റപ്പെട്ട സ്ഥലങ്ങളിലെ മദ്യശാലകളില്‍ കര്‍ശനമായ സാമൂഹിക അകലം പാലിച്ച് മദ്യം വില്‍ക്കാമെന്ന് കേന്ദ്രം അനുമതി നല്‍കിയിരുന്നു. തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി ടോക്കണ്‍ സംവിധാനവും അധികൃതര്‍ ഏര്‍പ്പാടാക്കിയിരുന്നു. എന്നാല്‍ 43 ദിവസങ്ങള്‍ക്കു ശേഷം മദ്യശാലകള്‍ തുറന്നപ്പോള്‍ അനിയന്ത്രിതമായ തിരക്കാണ് മദ്യശാലകള്‍ക്കു മുന്പില് അനുഭവപ്പെട്ടത്. ഇതേ തുടര്‍ന്ന് അധികൃതര്‍ ടോക്കണുകളുടെ എണ്ണം കുറച്ചിരുന്നു. രാവിലെ പത്തു മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് മദ്യശാലകളുടെ പ്രവര്‍ത്തന സമയം. മദ്യശാലകള്‍ക്കു മുന്പില് പോലീസിനെ വിന്യസിച്ചിട്ടുണ്ട്.