ഇട്ടിയപ്പാറ : ഐത്തല മങ്കുഴി മുക്കിനു സമീപം മൂഴിയിൽ പുരയിടത്തിൽ കാട് തെളിക്കാനെത്തിയ തൊഴിലാളി സ്ത്രീകള്‍ റബർ തോട്ടത്തില്‍ കണ്ടത് വമ്പന്‍ പെരുമ്പാമ്പിനെ. ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് സംഭവം. വനം വകുപ്പിനെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ദ്രുതകർമ സേനയെത്തി പാമ്പിനെ പിടികൂടി. പടൽ തെളിച്ചെത്തിയപ്പോഴാണ് അടിയിൽ പാമ്പിനെ കണ്ടത്. ഇതോടെ സമീപവാസികളൊക്കെ ഓടിക്കൂടുകയും തുടർന്ന് ദ്രുതകർമ സേനയെ വിവരം അറിയിക്കുകയായിരുന്നു.
സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ പി.കെ.രമേശിന്‍റെ നേതൃത്വത്തിൽ ബിഎഫ്ഒമാരായ എ.എസ്.നിഥിൻ, രാജേഷ് പിള്ള, എം.എസ്.ഫിറോസ്ഖാൻ എന്നിവരെത്തിയാണ് കാടിനടിയിൽ നിന്ന് പാമ്പിനെ പിടികൂടിയത്. പിന്നീട് ചാക്കിലാക്കി സേനയുടെ ഓഫിസിൽ എത്തിച്ചു. പിന്നീട് പാമ്പിനെ വനത്തിൽ തുറന്നു വിടും.