ഡല്‍ഹി: 14 മരുന്ന് സംയുക്തങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. രോഗം ഭേദമാക്കുന്നതില്‍ നിരോധിച്ച മരുന്നുകള്‍ക്ക് വലിയ പങ്കില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നടപടി. വിദഗ്ധ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് 14 മരുന്ന് സംയുക്തങ്ങള്‍ നിരോധിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം വിജ്ഞാപനം ഇറക്കിയത്. ഈ മരുന്ന് സംയുക്തങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാകാമെന്ന വിദഗ്ധ സമിതിയുടെ കണ്ടെത്തലും നിര്‍ണായകമായി.
പൊതുതാത്പര്യം മുന്‍നിര്‍ത്തിയാണ് നിര്‍മാണവും വില്‍പ്പനയും വിതരണവും നിരോധിക്കുന്നത് എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒരു നിശ്ചിത അനുപാതത്തില്‍ രണ്ടോ അതിലധികമോ സജീവ ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകള്‍ ഉള്‍ക്കൊള്ളുന്ന കോമ്പിനേഷന്‍ മരുന്നുകളാണ് നിരോധിച്ചത്. പനി, ചുമ അടക്കം സാധാരണഗതിയിലുള്ള അണുബാധകള്‍ക്ക് നല്‍കുന്ന മരുന്ന് സംയുക്തങ്ങളാണ് നിരോധിച്ചത്. നിമെസുലൈഡും പാരസെറ്റമോളും ചേര്‍ന്ന ഡിസ്പേര്‍സിബിള്‍ ഗുളികകള്‍, ക്ലോഫെനിറാമൈന്‍ മലേറ്റും കോഡിനും ചേര്‍ന്ന സിറപ്പ്, ഫോല്‍കോഡിന്‍, പ്രോമെതസൈന്‍ മരുന്ന് സംയുക്തം അടക്കമാണ് നിരോധിച്ചത്.