ശ്രീനഗർ: ജമ്മു കശ്മീരിനെ കണ്ണീരിലാഴ്ത്തി കനത്ത മഴയും മിന്നൽ പ്രളയവും മേഘവിസ്ഫോടനവും. അതിരൂക്ഷമായ മഴക്കെടുതിയിൽ പത്ത് മരണം സംഭവിച്ചതായി സ്ഥിരീകരിച്ചു. കനത്ത മഴയെ തുടർന്ന് ജമ്മു കശ്മീരിൽ പലയിടങ്ങളിലും ജന ജീവിതം ദുരിതത്തിലാണ്. രജൗരിയിലും സുരാന്കോട്ടിലും മിന്നൽ പ്രളയത്തിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. രജൗരിയിൽ മിന്നൽ പ്രളയത്തെ തുടർന്ന് റോഡുകൾ ഒലിച്ചുപോയി. ജില്ലാ ഭരണകൂടം അതീവ ജാഗ്രതാ നിർദ്ദേശം പുറത്തിറക്കി. രക്ഷാപ്രവർത്തനത്തിന് സൈന്യമടക്കം രംഗത്തെത്തിയിട്ടുണ്ട്. നദികളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നദീ തീരങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സുരൻകോട്ടിലും കിഷ്ത്വാറിലും മേഘവിസ്ഫോടനം ഉണ്ടായി.
ജമ്മു ശ്രീനഗർ ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. തെക്കൻ കശ്മീരിലും മഴക്കെടുതി രൂക്ഷമാണ്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. കനത്ത മഴയിൽ ദുരിതം അനുഭവിക്കുന്നവർക്ക് സാധ്യമായ എല്ലാ സഹായവും ഉറപ്പ് നൽകുമെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള അറിയിച്ചു. ജമ്മുവിൽ എത്തിയ മുഖ്യമന്ത്രി ഉന്നതതലയോഗം ചേർന്ന് സാഹചര്യം വിലയിരുത്തി. ലഫ് ഗവർണർ മനോജ് സിൻഹയും സ്ഥിതിഗതികൾ വിലയിരുത്തി. ദുരിതാശ്വാസപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഇരുവരും നിർദ്ദേശിച്ചു. ഇതിനിടെ മിന്നൽപ്രളയത്തിൽ കുടുങ്ങിയവർക്ക് കരസേന രക്ഷകരായി. തവി നദിയിൽ ജലനിരപ്പ് ഉയർന്നതോടെയാണ് കുട്ടികൾ അടക്കം കുടുങ്ങിയത്. സാഹസികമായിട്ടാണ് സേന രക്ഷാപ്രവർത്തനം നടത്തിയത്. അഞ്ച് ദിവസം കൂടി മഴതുടരുമെന്നാണ് മുന്നറിയിപ്പ്.






























