പത്തനംതിട്ട : ജില്ലയുടെ പല പ്രദേശങ്ങളിലും അതിശക്തമായ മഴ. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ശക്തമായ മഴയും ഇടിമിന്നലും ജില്ലയുടെ പലഭാഗങ്ങളിലും ആരംഭിച്ചത്. സീതത്തോട്, ചിറ്റാര്‍, തണ്ണിത്തോട് പഞ്ചായത്തുകളിലും ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയാണ് ലഭിച്ചത്. പത്തനംതിട്ട നഗരത്തിലും മൈലപ്ര, താഴേ വെട്ടിപ്പുറം ഭാഗങ്ങളിലുള്‍പ്പെടെ ശക്തമായ മഴ ലഭിച്ചു. വൈകിട്ട് അഞ്ചരയോടെയാണ് മഴയ്ക്ക് ശമനം ഉണ്ടായത്. മഴയോടൊപ്പം കാറ്റില്ലാതിരുന്നതിനാല്‍ വലിയ അപകടങ്ങളോ നാഷനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. ജില്ലയില്‍ രണ്ടുദിവസമായി ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയാണ് പലയിടങ്ങളിലും ലഭിക്കുന്നത്. കോന്നി കൊക്കാത്തോട്ടില്‍ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയെത്തുടര്‍ന്ന് വീട്ടമ്മയ്ക്ക് ഇടിമിന്നലേറ്റിരുന്നു. അപ്രതീക്ഷിതമായി പെയ്യുന്ന കനത്ത മഴ മലയോര മേഖലയെ കൂടുതല്‍ ആശങ്കയിലാക്കുന്നുണ്ട്. ഉരുള്‍പ്പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന സ്ഥലങ്ങളിലും മഴ ശക്തമായത് ആശങ്ക വര്‍ധിപ്പിക്കുന്നു.
ആറന്മുള, കോഴഞ്ചേരി മേഖലയിലും മഴ ശക്തമാകുന്നുണ്ട്. അപ്രതീക്ഷിതമായുണ്ടാകുന്ന ഇടിമിന്നലില്‍ ജില്ലയില്‍ പലയിടത്തും വീടുകളിലെ ഇലക്ട്രിക് ഗ്രഹോപകരണങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കോന്നി കൊക്കാത്തോട്, ഒരേക്കര്‍ പ്രദേശങ്ങളിലും ഇടിമിന്നലില്‍ ശക്തമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. നദിയിലെ ജനനിരപ്പുയരുന്നതും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. കിഴക്കന്‍ മലയൊര മേഖകളിലെ വനത്തിനുള്ളില്‍ മഴ ശക്തമായ സാഹചര്യത്തില്‍ അച്ചന്‍കോവില്‍, പമ്പ നദികളിലും ജലനിരപ്പുയര്‍ന്നിട്ടുണ്ട്. റാന്നി, കോന്നി പ്രദേശങ്ങളിലും മഴ ശക്തമായി തുടരുന്നത് വലിയ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.




























