പത്തനംതിട്ട : മലിന ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന ഹെപ്പറ്റൈറ്റിസ് എ രോഗം പടര്‍ന്നു പിടിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍. ഷീജ അറിയിച്ചു. മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്ത തിരുവല്ല തുകലശേരി സിഎസ്ഐ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. അമര്‍ഫെറ്റിലിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം പരിശോധിച്ചു. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്നും രോഗം നിയന്ത്രണ വിധേയമാണെന്നും സംഘം അറിയിച്ചു.
ശരീരവേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛര്‍ദി എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. തുടര്‍ന്ന് മൂത്രത്തിലും കണ്ണിലും ശരീരത്തിലും മഞ്ഞനിറം പ്രത്യക്ഷപ്പെടും. രോഗം ബാധിച്ചവരുടെ മലത്തില്‍ കൂടിയും ഛര്‍ദിയില്‍ കൂടിയും പുറത്തു വരുന്ന രോഗാണുക്കള്‍ ജലസ്രോതസുകളില്‍ എത്തിച്ചേരുന്നു. രോഗി ശരിയായ വ്യക്തിശുചിത്വം പാലിക്കാത്തതും രോഗ പകര്‍ച്ചയ്ക്ക് കാരണമാകും.
കിണറുകളും മറ്റ് കുടിവെള്ള സ്രോതസുകളും ഇടയ്ക്കിടെ ക്ലോറിനേഷന്‍ നടത്തി അണുവിമുക്തമാക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിവെള്ളമായി ഉപയോഗിക്കാവു. ചുരുങ്ങിയത് അഞ്ചു മിനിറ്റു നേരമെങ്കിലും കുടിവെള്ളം തിളപ്പിക്കണം. ആഹാര സാധനങ്ങള്‍ അടച്ചു സൂക്ഷിക്കണം. ആഹാരം കഴിക്കുന്നതിനു മുന്‍പും മലവിസര്‍ജനത്തിനു ശേഷവും കൈകള്‍ ശരിയായ രീതിയില്‍ സോപ്പ് ഉപയോഗിച്ച് കഴുകണം. ശുദ്ധമായ വെള്ളം ഉപയോഗിച്ച് ഉണ്ടാക്കിയതാണെന്ന് ഉറപ്പില്ലാത്ത സിപ്പ് അപ്പ്, ഐസ്‌ക്രീം, മറ്റ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ കഴിക്കരുത്. മത്സ്യം കേടുകൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഐസ് ശീതള പാനീയങ്ങളില്‍ ചേര്‍ത്ത് കഴിക്കുന്നത് മഞ്ഞപ്പിത്തം ഉള്‍പ്പെടെയുള്ള ജലജന്യരോഗങ്ങള്‍ പകരുന്നതിന് കാരണമാകുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.