ന്യൂഡല്‍ഹി: ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് വിവിധ ഇടങ്ങളില്‍ ഹിന്ദു സമ്മേളനങ്ങളും പൊതുജന സമ്പര്‍ക്ക പരിപാടികളും സംഘടിപ്പിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം (ആര്‍എസ്എസ്). ഈ വര്‍ഷം ഒക്‌ടോബര്‍ രണ്ടിന് വിജയദശമി ദിനത്തില്‍ ആര്‍എസ്എസ് സ്ഥാപിതമായിട്ട് 100 വര്‍ഷം പൂര്‍ത്തിയാകും. ഓഗസ്റ്റ് 26 ന് ഡല്‍ഹി, മുംബൈ, ബംഗളൂരു, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ പ്രഭാഷണ പരമ്പരയോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമാകുക. ശതാബ്ദി വര്‍ഷത്തില്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും എല്ലാ ബ്ലോക്കുകളിലും എത്തിച്ചേരുക എന്നതാണ് ആര്‍എസ്എസ് ലക്ഷ്യം.
ദേവ് ഋഷി നാരദ് ജേണലിസം അവാര്‍ഡ് ദാന ചടങ്ങിനിടെ ഡല്‍ഹി ആര്‍എസ്എസിലെ ഡല്‍ഹി പ്രാന്ത കാര്യവാഹ് അനില്‍ ഗുപ്തയാണ് ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് 26 ന് നാല് പ്രധാന നഗരങ്ങളില്‍ മോഹന്‍ ഭാഗവതിന്റെ മൂന്ന് ദിവസത്തെ പ്രഭാഷണ പരമ്പരയോടെ ശതാബ്ദി വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്നും ഇതോടൊപ്പം രാജ്യവ്യാപകമായ പ്രചാരണ പരിപാടികളും നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷാവസാനത്തോടെ ഇന്ത്യയിലുടനീളം 1,500 മുതല്‍ 1,600 വരെ ഹിന്ദു സമ്മേളനങ്ങള്‍ സംഘടിപ്പിക്കാനാണ് ആര്‍എസ്എസ് പദ്ധതിയിടുന്നത്. ഒക്ടോബര്‍ 2, വിജയദശമി ദിനത്തിലാണ് സംഘടനയുടെ സ്ഥാപക ദിനമായി ആചരിക്കുന്നത്.