തിരുവനന്തപുരം : കൊവിഡ് രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ നാല് മേഖലകളായി തിരിച്ച് ലോക് ഡൗൺ ഇളവ് നടപ്പാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേന്ദ്രം പ്രഖ്യാപിച്ച അതി തീവ്രബാധിത മേഖലകളിൽ (ഹോട്ട് സ്പോട്ട്) നേരിയ മാറ്റത്തിന് കേന്ദ്രാനുമതി തേടും. ഏപ്രില്‍ 20ന് ശേഷം മാത്രമായിരിക്കും ഇളവുകള്‍ ഏര്‍പ്പെടുത്തുക. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതു നിയന്ത്രണങ്ങള്‍ സംസ്ഥാനം പൂര്‍ണമായ തോതില്‍ തന്നെ അംഗീകരിച്ച് നടപ്പാക്കുകയാണ്. ഹോട്ട് സ്പോട്ട് അല്ലാത്ത ജില്ലകളില്‍ ഏപ്രില്‍ 20 മുതല്‍ കേന്ദ്രം ചില ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
പൊതുഗതാഗതം, വിമാന യാത്ര, ട്രെയിൻ-മെട്രോ അടക്കമുള്ളവക്ക് പൂർണ നിരോധനം. സംസ്ഥാനം വിട്ടുള്ള യാത്രകളും ജില്ലകൾ വിട്ടുള്ള യാത്രകളും അനുവദിക്കില്ല. ജില്ലകൾക്കുള്ളിലെ അതിതീവ്ര വില്ലേജുകൾ അടയ്ക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളും പരിശീലന കേന്ദ്രങ്ങളും പ്രവർത്തിക്കാൻ പാടില്ല. ആരാധനാലയങ്ങൾ, മാളുകൾ, തിയറ്ററുകൾ, പൊതുസ്ഥലങ്ങൾ, ആൾക്കൂട്ടങ്ങൾ എന്നിവക്കെല്ലാം പൂർണ നിയന്ത്രണം.
കേന്ദ്ര ലിസ്റ്റ് അനുസരിച്ച് കാസര്‍ഗോഡ്, കണ്ണൂര്‍, എറണാകുളം, മലപ്പുറം തിരുവനന്തപുരം പത്തനംതിട്ട ജില്ലകളെയാണ് ഹോട്ട് സ്പോട്ടുകളായി കണക്കാക്കിയിട്ടുളളത്.
കൊവിഡ് പോസിറ്റീവായി ഇപ്പോള്‍ ചികിത്സയിലുള്ളവരുടെ എണ്ണം കണക്കാക്കിയാല്‍ കാസര്‍ഗോഡ് 61 പേരും, കണ്ണൂര്‍ 45 പേരും, മലപ്പുറത്ത് ഒന്‍പത് പേരുമാണുള്ളത്. ഈ മൂന്ന് ജില്ലകള്‍ കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുള്ളത് കോഴിക്കോടാണ്. ഈ നാല് ജില്ലകളും ചേര്‍ത്ത് ഒരു മേഖല ആക്കുന്നതാണ് നല്ലെതെന്ന അഭിപ്രായം കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.