തിരുവനന്തപുരം: മംഗലപുരത്ത് സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെതുടര്‍ന്ന് ഇളയ സഹോദരന്റെ വീടാക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കി മൂത്ത സഹോദരന്‍. പട്ടാപ്പകല്‍ ഗുണ്ടകള്‍ ഇളയ സഹേദരന്റെ വീടിന്റെ മതില്‍ തകര്‍ക്കുകയും വീട്ടുകാരെ ആക്രമിക്കുകയും ചെയ്തു. മംഗലപുരം സ്വദേശി നിസാമുദ്ദീന്റെ വീട്ടിലാണ് ഗുണ്ടാ സംഘത്തിന്റെ ആക്രമണം ഉണ്ടായത്. ചുറ്റുമതിലുകള്‍ അടിച്ചുതകര്‍ത്തശേഷം വീട്ടിലേക്ക് കയറി. നിസാമുദ്ദീന്റെ പന്ത്രണ്ടുകാരിയായ മകളെയും അമ്മയെയും അസഭ്യം പറഞ്ഞ് കയ്യേറ്റം ചെയ്‌തെന്നാണ് പരാതി.
മൂത്ത സഹോദരനായ സൈഫുദ്ദീനാണ് അക്രമത്തിന് പിന്നിലെന്നാണ് നിസാമുദ്ദീന്‍ ആരോപിക്കുന്നത്. അടുത്തടുത്ത വീടുകളില്‍ താമസിക്കുന്ന നിസാമുദ്ദീനും സൈഫുദ്ദീനും തമ്മില്‍ വസ്തുതര്‍ക്കമുണ്ട്. റോഡിന് സ്ഥലം നല്‍കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ നിസാമുദ്ദീന് അനുകൂലമായ കോടതിവിധി ഉണ്ടായിരുന്നു. ഇതിന് പിന്നാലെ വീടിന് ചുറ്റും മതില്‍ കെട്ടി. ഇതിലുള്ള വൈരാഗ്യം മൂലം സൈഫുദ്ദീന്‍ ക്വട്ടേഷന്‍ നല്‍കി ഗുണ്ടാസംഘത്തെ അയച്ചെന്നാണ് നിസാമിന്റെ പരാതി. നിസാമുദ്ദീന്റെ പരാതിയില്‍ മംഗലപുരം സ്വദേശി സൈഫുദ്ദീന്‍ അടക്കം മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.