ദുബായ് : ഇറാഖിൽ നിന്നുള്ള ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സൗദി അറേബ്യ ഈസ്റ്റ്-വെസ്റ്റ് ഓയിൽ പൈപ്പ്‌ലൈനിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തി. ഇറാന്റെ പിന്തുണയുള്ള സായുധ ഗ്രൂപ്പുകളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. സംഭവത്തെ തുടർന്ന് ഇറാൻ–ഇറാഖ് അതിർത്തി അടച്ചു. മുസ്‌ലിം വേൾഡ് ലീഗ് ആക്രമണത്തെ അപലപിച്ചു. അതിനിടെ, പ്രധാന വ്യാപാര പാതയായ ചെങ്കടലിലെ ബാബുൽ മൻദിബ് കടലിടുക്കിലെ തന്ത്രപ്രധാനമായ പെരിം ദ്വീപ് ഇറാൻ പിന്തുണയുള്ള ഹൂതികൾ പിടിച്ചു. ദ്വീപിൽനിന്ന് സൗദി പിന്തുണയുള്ള യെമൻ സേന പിൻമാറി. ദ്വീപിനു സമീപമുള്ള ചെങ്കടൽ തീരത്തെ ധൂബാബ് നഗരവും സർക്കാർ സേനയിൽനിന്നു ഹൂതികൾ പിടിച്ചു.
ചെങ്കടൽ തീരത്തെ 6 ജില്ലകളിൽനിന്നും യെമൻ സേനയെ തുരത്തിയതായി ഹൂതികൾ അവകാശപ്പെട്ടു. ഹോർമുസ് കടലിടുക്ക് അടച്ചതോടെ സൗദിയിൽനിന്നുള്ള എണ്ണക്കപ്പലുകളിലേറെയും ബാബുൽ മൻദിബ് വഴിയാണു പോയിരുന്നത്. ഹൂതികളെ നേരിടാൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ 2 തവണ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ നേരിട്ടു വിളിച്ചു സഹായം അഭ്യർഥിച്ചെങ്കിലും ട്രംപ് നിരസിച്ചതായാണു റിപ്പോർട്ട്. ഹൂതികളുമായി നേരിട്ട് ഏറ്റുമുട്ടലിനില്ലെന്നാണ് യുഎസ് നിലപാട്. ചെങ്കടലിൽ സൗദിയുടെത് ഒഴികെ മറ്റെല്ലാ കപ്പലുകൾക്കും സുരക്ഷിതമായി പോകാമെന്നു ഹൂതികൾ പ്രഖ്യാപിച്ചു. ഹോർമുസ് വിഷയത്തിൽ ഗൾഫ് രാജ്യങ്ങളുമായും ഇറാഖുമായും ചർച്ച നടത്താൻ ഇറാൻ തീരുമാനിച്ചു. തിങ്കളാഴ്ച ഒമാനിലാണു യോഗം. ഇന്നലെ ഹോർമുസിലൂടെ 7 കപ്പലുകൾ മാത്രമാണ് കടന്നു പോയത്.































