മുംബൈ: ദേശീയ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് ശേഷം ആദ്യമായി പ്രതികരിച്ച് മുൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. അയർലൻഡ്, ഇംഗ്ലണ്ട് പരമ്പരകൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോളാണ് സൂര്യകുമാറിന് ടീമിൽ ഇടം ലഭിക്കാതിരുന്നത്. സൂര്യകുമാറിന് പകരം ശ്രേയസ് അയ്യരെയാണ് സെലക്ടർമാർ നായകനായി ചുമതലപ്പെടുത്തിയത്. സൂര്യകുമാറിന്റെ അപ്രതീക്ഷിത ഒഴിവാക്കൽ ആരാധകർക്കിടയിലും വലിയ ചർച്ചയായിട്ടുണ്ട്. തന്‍റെ പേര് ടീമിൽ ഇല്ലെന്ന വാർത്ത കണ്ടപ്പോൾ ആദ്യം പുഞ്ചിരിക്കുകയാണ് ചെയ്തതെന്ന് സൂര്യകുമാർ യാദവ് പറഞ്ഞു. എന്‍റെ കരിയറിൽ സമ്മർദ്ദഘട്ടങ്ങളിലൂടെ കടന്നുപോയപ്പോഴൊക്കെ ചിരിയോടെ തന്നെയാണ് ഞാൻ നേരിട്ടിട്ടുള്ളത്.
2026-ന് ശേഷമുള്ള അടുത്ത രണ്ട് വർഷത്തേക്ക് ഈ ടീമിനെ മുന്നോട്ട് നയിക്കാൻ കഴിയുമെന്നാണ് ഞാൻ കരുതിയത്. മുന്നിൽ ഒളിംപിക്സും അടുത്ത ടി20 ലോകകപ്പും ഉണ്ടായിരുന്നു. എന്നാൽ നമ്മൾ ചിന്തിക്കുന്നതും മറ്റുള്ളവർ ചിന്തിക്കുന്നതും രണ്ടാണ്. ടീമിന്‍റെ ഭാവിക്കായി സെലക്ടർമാർ എടുത്ത തീരുമാനത്തെ ഞാൻ പൂർണ്ണമായി ബഹുമാനിക്കുന്നു- സൂര്യകുമാർ വ്യക്തമാക്കി.































