ലുധിയാന: പാകിസ്ഥാൻ്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുമായി ബന്ധമുള്ളവർക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് 20കാരനെ അറസ്റ്റ് ചെയ്ത് ലുധിയാന പോലീസ്. ഗുർദാസ്പൂർ ഫത്തേഗഡ് ചുരിയൻ സ്വദേശിയായ റച്ച്പാൽ സിംഗ് ആണ് പിടിയിലായത്. ലുധിയാന-ഫിറോസ്പൂർ റോഡിലെ വാടകയ്‌ക്കെടുത്ത ഒരു കട കേന്ദ്രീകരിച്ചായിരുന്നു പ്രതി കഴിഞ്ഞ രണ്ട് മാസമായി പ്രവർത്തിച്ചിരുന്നത്. നാല് ചൈനീസ് സിസിടിവി ക്യാമറകൾ സ്ഥാപിച്ച ഇയാൾ അവയുടെ തത്സമയ ദൃശ്യങ്ങൾ പാകിസ്ഥാനിലുള്ളവർക്ക് കൈമാറിയിരുന്നു.
ബഡോവൽ കന്റോൺമെന്റിൽ (ലുധിയാനയിൽ പ്രവർത്തിക്കുന്ന പ്രധാന സൈനിക താവളമാണ്) നിന്ന് ഏകദേശം ആറ് കിലോമീറ്റർ അകലെയുള്ള ലുധിയാന – ഫിറോസ്‌പൂർ റോഡിൽ യുവാവ് ഒരു കട വാടകയ്‌ക്കെടുത്തിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇവിടെ ഇയാൾ ഒരു ഷൂ സ്റ്റോർ തുറന്നെങ്കിലും അവിടെ പതിവായി കച്ചവടം നടന്നിരുന്നില്ലെന്നാണ് വിവരം.ഈ കടയിലെ സിസിടിവി ക്യാമറ പ്രധാന റോഡിന് അഭിമുഖമായിട്ടാണ് സ്ഥാപിച്ചിരുന്നത്. പാകിസ്ഥാൻ ഹാൻഡ്ലർമാർക്ക് മൊബൈൽ ആപ്ലിക്കേഷനുകൾ വഴി ഈ ദൃശ്യങ്ങൾ തത്സമയം അയച്ചിരുന്നു. ഇതിന് യുവാവിന് ഏകദേശം 2.5 മുതൽ മൂന്ന് ലക്ഷം രൂപ വരെ പ്രതിഫലമായി ലഭിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു. രച്പാൽ സിംഗ് വലിയ ശൃംഖയുടെ ഭാഗമാണെന്നാണ് പോലീസ് പറയുന്നത്.
മറ്റൊരു സംഭവത്തിൽ ഇന്നലെ പാകിസ്ഥാൻ്റെ ഇൻ്റർ-സർവീസസ് ഇൻ്റലിജൻസിൻ്റെ പിന്തുണയുള്ള ഒരു ചാര ശൃംഖലയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഡൽഹിയിൽ യുവ ദമ്പതികൾ അറസ്റ്റിലായി. 2024 മുതൽ ചാരവൃത്തി നടത്തിയെന്നാരോപിച്ചാണ് അറസ്റ്റ്. സഹീൽ ഭാര്യ സമീറാ എന്നിവരാണ് അറസ്റിലായത്. ഇവർ പാകിസ്ഥാനിലെ രഹസ്യാന്വേഷണ ഏജൻ്റുമാരുമായി ബന്ധം പുലർത്തുകയും ഇന്ത്യയുമായി ബന്ധപ്പെട്ട അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ അവർക്ക് കൈമാറാൻ സഹായിക്കുകയും ചെയ്തു.
































