ഹുബ്ബള്ളി: കർണാടകയിൽ 40കാരനെ ക്രൂരമായി നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി. ഹുബ്ബള്ളി ബനശങ്കരി–വിദ്യാനഗർ മേഖലയിൽ വെള്ളിയാഴ്ചയാണ് സംഭവം. ദാദാപീർ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. അക്രമിസംഘം യുവാവിനെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ആയുധങ്ങൾ ഉപയോഗിച്ച് നിരവധി തവണ യുവാവിനെ വെട്ടി. ബൈക്കിലെത്തിയ അക്രമിസംഘത്തെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ അക്രമികൾ നൂറുമീറ്ററോളം ദൂരം പിന്തുടർന്ന് ഓടിച്ചിട്ട് മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിവീഴ്ത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. തലയ്ക്കും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റ ഇയാൾ സംഭവസ്ഥലത്തുതന്നെ മരിച്ചു. തിരക്കേറിയ റോഡിൽ പട്ടാപ്പകൽ നടന്ന അക്രമം പ്രദേശവാസികളിലും വഴിയാത്രക്കാരിലും വലിയ ഭീതി സൃഷ്ടിച്ചു.
കൊലപാതകത്തിന് പിന്നിൽ മുൻവൈരാഗ്യമാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെത്തുടർന്ന് അക്രമികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പ്രതികളെ കണ്ടെത്താനായി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.































