തിരുവനന്തപുരം : യുവജന കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് മുൻ സർക്കാർ നിയമിച്ച ഡി.വൈ.എഫ്.ഐ. നേതാവ് ഷാജിർ ആണ് ഇപ്പോഴും തുടരുന്നത്. ജുഡീഷ്യൽ അധികാരമുള്ള പദവിയായതിനാൽ പകരം നിയമനം നടത്തുന്നതുവരെ പദവി ഒഴിയില്ലെന്ന നിലപാടിലാണ് അദ്ദേഹം. കമ്മീഷൻ, യുവജനക്ഷേമ ബോർഡ് പദവികളിലേക്ക് കാസർകോട് നിന്നുള്ള യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ഓർഗനൈസേഷൻ ചുമതലയുള്ള ജനറൽ സെക്രട്ടറി ജോമോൻ ജോസ്, റിയാസ് മുക്കോളി, വിജയ് ഇന്ദുചൂഡൻ, ജെ.എസ് അഖിൽ തുടങ്ങിയവരുടെ പേരുകൾ പരിഗണനയിലുണ്ടെന്നാണ് സൂചന. പരിഗണിക്കപ്പെടുന്ന ചിലർ വരാനിരിക്കുന്ന ഡി.സി.സി. പുനസംഘടനയിൽ അധ്യക്ഷൻ, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് കൂടി പരിഗണിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ മുഴുവൻ നിയമനങ്ങളും ഒറ്റ പാക്കേജായി പ്രഖ്യാപിക്കാനാണ് യുഡിഎഫ് നീക്കം.
ഇതിനായുള്ള ചർച്ചകൾ ചെറിയൊരു ഇടവേളയ്ക്ക് ശേഷം സജീവമായിട്ടുണ്ട്. സംസ്ഥാനത്ത് ബോർഡ് കോർപ്പറേഷൻ നിയമനങ്ങൾ അനിശ്ചിതമായി നീളുന്നതിൽ യുഡിഎഫിനുള്ളിൽ കടുത്ത അതൃപ്തി. സർക്കാർ അധികാരമേറ്റ് 100 ദിവസത്തിലധികം പിന്നിട്ടിട്ടും പല പ്രധാന പദവികളിലും മുൻ ഇടത് സർക്കാർ നിയമിച്ചവരാണ് തുടരുന്നത്. പി.എസ്.സിയിൽ ഉൾപ്പെടെ ഒഴിവുകൾ നികത്താൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് വനിതാ കമ്മീഷൻ, യുവജന കമ്മീഷൻ, യുവജനക്ഷേമ ബോർഡ് തുടങ്ങിയവയിലെ നിയമനങ്ങൾക്കായി യുഡിഎഫ് ചർച്ചകൾ വീണ്ടും സജീവമാക്കിയത്. വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്ക് കോൺഗ്രസ് നേതാക്കളായ ദീപ്തി മേരി വർഗീസ്, ആയിഷ പോറ്റി എന്നിവരുടെ പേരുകളാണ് പ്രധാനമായും പരിഗണിക്കുന്നതെന്നാണ് വിവരം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസാന ഘട്ടം വരെ പരിഗണിക്കപ്പെട്ടെങ്കിലും സീറ്റ് ലഭിക്കാതിരുന്ന നേതാവാണ് ദീപ്തി മേരി വർഗീസ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിലെത്തുകയും മികച്ച പോരാട്ടത്തിനൊടുവിൽ പരാജയപ്പെടുകയും ചെയ്ത നേതാവാണ് ആയിഷ പോറ്റി.
































