കോന്നി : തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഐ ബി ജീവനക്കാരിയെ റയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ സഹപ്രവർത്തകൻ പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് ആത്മഹത്യ ചെയ്തതാണെന്ന ആരോപണവുമായി ബന്ധുക്കൾ. വിഷയത്തിൽ നീതി തേടി ബന്ധുക്കൾ ഇന്റലിജൻസ് ബ്യൂറോക്കും പോലീസിലും പരാതി നൽകി. പത്തനംതിട്ട കോന്നി അതിരുങ്കൽ കാരക്കാക്കുഴി സ്വദേശി പുഴിക്കോടത്ത് വീട്ടിൽ മധു സൂദനന്റെ മകൾ മേഘ മധു(25)വിനെ ആണ് ചാക്കയിലെ റയിൽവെ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അച്ഛൻ മധുസൂദനനും അമ്മ നിഷക്കും ഏക മകളായിരുന്നു മേഘ.
പഠിക്കാൻ സമർഥയായിരുന്ന മേഘക്ക് ചെറിയ പ്രായത്തിൽ തന്നെ ജോലി ലഭിച്ചിരുന്നു. പഞ്ചാബിൽ പരിശീലനത്തിന് ഇടയിൽ ആണ് മലപ്പുറം സ്വദേശിയായ യുവാവുമായി മേഘ പ്രണയത്തിൽ ആയത്. ഈ ബന്ധം ബന്ധുക്കൾ ആദ്യം എതിർത്തുവെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു. ജോലിയിൽ നിന്ന് അവധി എടുത്ത് ഐ എ എസ് പരിശീലനത്തിനായി മേഘ തയ്യാറെടുക്കുമ്പോൾ ആണ് ജീവനൊടുക്കിയത് എന്ന് ബന്ധുക്കൾ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞു മടങ്ങിയതിന് ശേഷമാണ് മേഘയുടെ മൃതദേഹം തിരുവനന്തപുരം ചാക്കയിൽ റയിൽവെ പാളത്തിൽ കണ്ടെത്തിയത്. ജോലി കഴിഞ്ഞ് ഇറങ്ങുമ്പോൾ മേഘ അച്ഛനെ വിളിച്ചിരുന്നതായും പറയുന്നു. സംഭവത്തിൽ പ്രധാന തെളിവുകൾ ലഭിക്കുവാൻ സഹായകമായിരുന്ന മേഘയുടെ മൊബൈൽ ഫോണും തകർന്നു പോയിരുന്നു. ഇതേ സമയം മേഘ മധുവിന്റെ മൃതദേഹം അതിരുങ്കലിലെ വീട്ടു വളപ്പിൽ സംസ്കരിച്ചു.