കൊച്ചി : കാലാവധി കഴിഞ്ഞ നിക്ഷേപങ്ങള്‍ മടക്കിനല്‍കാന്‍ അവധി പറയുകയോ വീണ്ടും അതേ സ്ഥാപനത്തില്‍തന്നെ നിക്ഷേപിക്കുവാന്‍ നിങ്ങളെ പ്രേരിപ്പിക്കുകയോ ചെയ്‌താല്‍ ഒന്നുറപ്പിക്കാം, ആ സ്ഥാപനം കടുത്ത സാമ്പത്തിക പ്രസിസന്ധിയിലാണ്, എപ്പോള്‍ വേണമെങ്കിലും അടച്ചുപൂട്ടാം. കേരളത്തിലെ പല സ്ഥാപനങ്ങളുടെയും അവസ്ഥ ഇന്ന് ഈ നിലയിലാണ്. നിക്ഷേപകര്‍ ആവശ്യപ്പെടുമ്പോള്‍ മടക്കിനല്കുവാന്‍ പണമില്ല. ഒന്നുകില്‍ അവധി പറയുക, അല്ലെങ്കില്‍ കൂടുതല്‍ പലിശ വാഗ്ദാനം ചെയ്ത് അവരെ വീണ്ടും നിക്ഷേപകരാക്കുക. ജീവനക്കാര്‍ക്ക് 5% കമ്മീഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുമെന്നതിനാല്‍ നിക്ഷേപകരെ എങ്ങനെയും വലയിലാക്കുവാന്‍ മോഹനവാഗ്ദാനങ്ങളുമായി ഇവര്‍ മുമ്പില്‍ ഉണ്ടാകും. എന്തിന് .. പണം നിക്ഷേപിക്കുന്നവര്‍ക്കുപോലും കമ്മീഷന്‍ നല്‍കുന്ന വിചിത്രമായ നടപടിയും ഇന്ന് നിലവിലുണ്ട്. ചില ജീവനക്കാര്‍ വളരെ ഭവ്യതയോടെ പുഞ്ചിരിച്ചുകൊണ്ട് ചോദിക്കും … സാറെ ഒരു വർഷത്തേക്ക് കൂടി പുതുക്കി ഇടട്ടെ എന്ന്. ആ ചിരിയില്‍ പലരും മയങ്ങും. കാലാവധി കഴിഞ്ഞ നിക്ഷേപം വീണ്ടും അവിടെ നിക്ഷേപിക്കും. നിശ്ചയമായും ആ കമ്പനി പൊട്ടാൻ പോകുന്നതിന്റെ തെളിവാണ് ഇത്. ജനങ്ങളുടെ കയ്യിലുള്ള പണം എങ്ങനെയും തങ്ങളുടെ പെട്ടിയിലാക്കുക എന്ന ഒരു ലക്‌ഷ്യം മാത്രമേ കമ്പനി ഉടമക്കുള്ളു.
വമ്പന്‍ പരസ്യങ്ങളുടെ അകമ്പടിയോടെ ആനയും അമ്പാരിയുമൊക്കെയായി എത്തുന്ന നോണ്‍ കണ്‍വേര്‍ട്ടബിള്‍ ഡിബഞ്ചര്‍ (NCD) എന്തോ വലിയ സംഭവമാണെന്നാണ് പലരുടെയും ധാരണ. NCD എന്ന് പറഞ്ഞാല്‍ ഒരുതരം ഡിബഞ്ചര്‍ അഥവാ കടപ്പത്രം എന്നാണ് അര്‍ഥം. ബിസിനസ് ചെയ്യാന്‍ കയ്യില്‍ പണമില്ലാത്ത കമ്പനിക്ക് പൊതുജനങ്ങളില്‍ നിന്നും പണം കടമായി വാങ്ങാം. കടപ്പത്രത്തിലൂടെ മാത്രമേ ഇങ്ങനെ പണം സ്വീകരിക്കുവാന്‍ കഴിയൂ. കടപ്പത്രത്തിന് നിശ്ചിത കാലാവധി ഉണ്ടായിരിക്കും. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പലിശ ഉള്‍പ്പെടെ നിക്ഷേപം തിരികെ നല്‍കുകയും വേണം. കമ്പനി പറഞ്ഞിരിക്കുന്ന സമയത്ത് പണവുമായി ചെന്നാല്‍ മാത്രമേ ഇത് വാങ്ങാന്‍ പറ്റൂ. അതിനാല്‍ ബിവറേജ് തുറക്കാന്‍ കാത്തുനില്‍ക്കുന്നവരെപ്പോലെയാണ് പലരും NCD ക്ക് കാത്തുനില്‍ക്കുന്നത്. ആയിരക്കണക്കിന് കോടികള്‍ കയ്യിലുള്ള മുതലാളി എന്തോ ഒരു വലിയ സഹായം തങ്ങള്‍ക്കു ചെയ്യുന്നതായാണ് പല നിക്ഷേപകരുടേയും ധാരണ. ഊരും പേരും എന്തിന്….ഉടമ ആരെന്നുപോലും പലര്‍ക്കും അറിയില്ല, അറിയാന്‍ ശ്രമിക്കാറുമില്ല. അങ്ങനെയുള്ള ഒരാള്‍ക്ക് വായ്പ നല്‍കാന്‍ പണവുമായി അയാളുടെ ബ്രാഞ്ച് തുറക്കുന്നതും കാത്തുനില്‍ക്കുന്നവരാണ് കൂടുതലും.
തങ്ങളുടെ പണത്തിന് സെക്യൂരിറ്റി ഉണ്ടെന്നും റിസര്‍വ് ബാങ്ക് ഗ്യാരണ്ടി ഉണ്ടെന്നുമാണ് പലരുടെയും ധാരണ. NCD ഇറക്കുമ്പോള്‍ കമ്പനികള്‍ നല്‍കുന്ന പരസ്യത്തില്‍ത്തന്നെ ഇക്കാര്യങ്ങള്‍ അവര്‍ വളരെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. വളരെ ചെറിയ അക്ഷരങ്ങള്‍ ആയതിനാല്‍ പലരും ഇത് വായിക്കാറില്ല. NCD എന്നാല്‍ നിക്ഷേപമായോ ഓഹരിയായോ മാറ്റാന്‍ കഴിയാത്ത ഡിബഞ്ചര്‍/ കടപ്പത്രം ആണ്. Non-Convertible Debentures എന്നാണ് പേരുപോലും. ഇത്തരം കടപ്പത്രങ്ങള്‍ കമ്പനി ഉടമകളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍വേണ്ടി മാത്രമുള്ളതാണ്. എന്നാല്‍ ഇക്കാര്യം പല നിക്ഷേപകര്‍ക്കും അറിയില്ല. നിക്ഷേപമായോ ഓഹരിയായോ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലോ Convert ചെയ്യുവാന്‍ പറ്റുന്ന കടപ്പത്രങ്ങള്‍കൊണ്ടുള്ള നേട്ടം നിക്ഷേപകര്‍ക്കാണ്. ഓഹരിയാക്കി മാറ്റിയാല്‍ ഇവ കൈമാറി പണമാക്കാം. നിക്ഷേപമാക്കി മാറ്റിയാല്‍ എപ്പോള്‍ വേണമെങ്കിലും നിക്ഷേപം പിന്‍വലിക്കാം. NCD ക്ക് നിശ്ചിത കാലാവധി ബാധകമാണ്. ഓടിചെന്നാല്‍ പണം ലഭിക്കില്ല. ഇതുതന്നെയാണ് കമ്പനി മുതലാളിയും ആഗ്രഹിക്കുന്നത്.
നിക്ഷേപകരെ വിഡ്ഢികളാക്കുന്ന കറക്കുകമ്പനികളായി അധപതിച്ചിരിക്കുകയാണ് കേരളത്തിലെ പല സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളും. ഇതില്‍ കേരളാ മണി ലെണ്ടിംഗ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്നവയും കേന്ദ്ര നിയമത്തിന്‍കീഴില്‍ പ്രവര്‍ത്തിക്കുന്നവയുമുണ്ട്. എന്നാല്‍ സാമ്പത്തിക തട്ടിപ്പില്‍ മുമ്പില്‍ നില്‍ക്കുന്നത് കേന്ദ്ര നിയമത്തിന്‍കീഴില്‍ പ്രവര്‍ത്തിക്കുന്ന നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനികളും (NBFC) നിധി കമ്പനികളുമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ കണക്കെടുത്താല്‍ നിരവധി സ്ഥാപനങ്ങളാണ് കേരളത്തില്‍ മാത്രം പൂട്ടിക്കെട്ടിയത്. ജനങ്ങളില്‍ നിന്നും വന്‍തോതില്‍ നിക്ഷേപം സ്വീകരിച്ച് അവ വകമാറ്റി ചെലവഴിക്കുകയായിരുന്നു പലരും ചെയ്തത്. റിയല്‍ എസ്റ്റേറ്റ്, സിനിമ, ബാര്‍ ഹോട്ടല്‍, പ്ലാന്റേഷന്‍ തുടങ്ങിയ പല മേഖലകളിലേക്കും ഇവര്‍ പണം വകമാറ്റിയത് നിയമവിരുദ്ധ മാര്‍ഗ്ഗങ്ങളിലൂടെയാണ്. ഓരോ കമ്പനിയിലും നിക്ഷേപമായി ലഭിക്കുന്ന പണം അതാതു കമ്പനികള്‍ക്ക് തങ്ങളുടെ ബിസിനസ് വിപുലപ്പെടുത്താന്‍ മാത്രമേ ഉപയോഗിക്കുവാന്‍ കഴിയൂ. NBFC കള്‍ക്കും നിധി കമ്പനികള്‍ക്കുമൊക്കെ ഇത് ബാധകമാണ്. ഇന്ന് സാമ്പത്തിക തട്ടിപ്പും അഴിമതിയുമാണ് പലരുടെയും മുഖമുദ്ര. >>> തുടരും … സാമ്പത്തിക തട്ടിപ്പിന്റെ കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ https://pathanamthittamedia.com/category/financial-scams
—
നിക്ഷേപകര്‍ക്കും പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും കൂടുതല്‍ വിവരങ്ങള്‍ നല്‍കാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം – Call/Whatsapp 94473 66263, Call 85471 98263, Mail – [email protected]