പത്തനംതിട്ട : തീർഥാടകരുടെ എണ്ണത്തിലുണ്ടായ വൻ വർധന സുഗമവും സുരക്ഷിതവുമായ ദർശനം ഉറപ്പാക്കിയതിന്റെ തെളിവും പോലീസ് മുന്നൊരുക്കങ്ങളുടെ കൂടി വിജയവുമാണെന്ന് വിലയിരുത്തൽ. തീർത്ഥാടനം ആരംഭിച്ച നവംബർ 15 മുതൽ ഈവർഷം ജനുവരി 5 വരെ ആകെ 39, 02, 610 അയ്യപ്പഭക്തർ ദർശനം നടത്തി ഇത് റെക്കോർഡ് ആണ്. മുൻവർഷം ഇതേ കാലയളവിൽ 35, 12, 691 ഭക്തരാണ് ദർശനത്തിനെത്തിയത്. മകരവിളക്ക് സീസൺ തുടങ്ങിയ ഡിസംബർ 30 മുതൽ ഇന്നലെ വരെ 6,22,849 പേർ ദർശനം നടത്തി.
മകരജ്യോതിദിനമായ ജനുവരി 14 ഉൾപ്പെടെയുള്ള ദിവസങ്ങളിൽ തിരക്ക് നിയന്ത്രിക്കാനുള്ള ഒരുക്കങ്ങൾ പോലീസ് നടത്തിവരുന്നു. 10 മുതൽ ഭക്തർ ജ്യോതികാണുന്നതിനായി പർണശാലകൾ കെട്ടി കാത്തിരിക്കുന്ന പതിവുണ്ട്. ഇതുകാരണം മകരവിളക്ക് ദിവസം ഉണ്ടാകാവുന്ന തിരക്ക് ഒഴിവാക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.
അനിയന്ത്രിത തിരക്ക് ഒഴിവാക്കാൻ സ്പോട് ബുക്കിങ് പൂർണമായി നിർത്തണമെന്ന ആവശ്യം പോലീസ് മുന്നോട്ടുവെച്ചിരുന്നു. അങ്ങനെവന്നാൽ നിലയ്ക്കലിൽ പരിശോധന നടത്തി ഭക്തരെ പമ്പയിലേക്ക് കടത്തിവിടാനാണ് പോലീസ് ആലോചിക്കുന്നത്. പർണശാലയിൽ ഭജനയിരിക്കുന്ന ഭക്തർ പാചകം ചെയ്യുന്നതും മറ്റും നിയന്ത്രിക്കാനുള്ള മാർഗരേഖയിലെ നിർദേശങ്ങൾ വിവിധ വകുപ്പുകളുമായി ചേർന്ന് പോലീസ് നടപ്പാക്കും. 14 ന് തിരുവാഭരണ ഘോഷയാത്ര കടന്നുപോയിക്കഴിഞ്ഞെ ഭക്തർക്ക് പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ദർശനത്തിനെത്താൻ സൗകര്യം അനുവദിക്കൂ. ജ്യോതിദർശനത്തിനായി തയാറാക്കുന്ന വിവിധ ഇടങ്ങളിൽ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ പോലീസ് സ്വീകരിച്ചു വരുന്നു.
ദർശനത്തിന് എത്തുന്നവർ വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യുന്നത് നിർബന്ധമാണ്. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തെത്തുന്ന തീർത്ഥാടകർ കൃത്യമായി ദർശനത്തിനെത്താതെ നേരത്തെയോ അടുത്ത ദിവസങ്ങളിലൊ വരുന്ന സാഹചര്യമുണ്ട്. ഇതൊഴിവാക്കി വെർച്വൽ ക്യൂ സ്ലോട്ടിൽ രേഖപ്പെടുത്തിയിട്ടുളള സമയക്രമം പാലിച്ചെത്തിയാൽ അനാവശ്യ തിരക്ക് ഒഴിവാക്കാനും സുഗമമായ ദർശനം സാധ്യമാക്കാനും കഴിയും. സംസ്ഥാനത്തുള്ളവർക്ക് തീർച്ചയായും ഇത് പാലിക്കാൻ കഴിയും ഇതര സംസ്ഥാനത്തുനിന്നുള്ളവർക്ക് ഒരുപരിധിവരെ ബുക്കിങ്ങിന്റെ സമയക്രമം പാലിക്കാൻ സാധിക്കുകയും ചെയ്യും. ഇത്തവണത്തെ തീർത്ഥാടനം സുരക്ഷിതമായതും സുഖകരമായതുമാണെന്ന് ദർശനത്തിനെത്തിയവരുടെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നു. പല കോണുകളിൽ നിന്നും ഇത്തരത്തിൽ അഭിപ്രായങ്ങൾ ഉയരുന്നു. നടപന്തലിൽ ക്യൂ സംവിധാനത്തിൽ വരുത്തിയ മാറ്റങ്ങൾ എടുത്തുപറയേണ്ടതാണ്. പോലീസ് ഉൾപ്പെടെ വിവിധ വകുപ്പുകളുടെ മികച്ച ഏകോപനമാണ് ഈ തീർഥാടനകാലം ഇതുവരെ വലിയ വിജയകരമായതെന്ന് വിലയിരുത്തപ്പെടുന്നു.
ശബരിമലയുമായി ബന്ധപ്പെട്ട് ഭക്തർ അറിയേണ്ട വസ്തുതകളും അവശ്യവിവരങ്ങളും ഉളളടക്കം ചെയ്ത് ജില്ലാ പോലീസ് തയ്യാറാക്കിയ ‘ശബരിമല പോലീസ് ഗൈഡ്’ എന്ന പോർട്ടൽ ക്യു. ആർ കോഡ് ആയി ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട പ്രധാന കേന്ദ്രങ്ങളിൽ പതിപ്പിച്ചിട്ടുണ്ട്. നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടുമായി ബന്ധപ്പെട്ട വിശദ വിവരം ഭക്തരുടെ അറിവിലേക്കായി ക്യു. ആർ കോഡ് ആയി ലഭ്യമാക്കിയിട്ടുണ്ട്. തിരുവാഭരണഘോഷയാത്ര 12 ന് പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് ഭക്തരുടെ ദർശനത്തിനും വിവിധ ചടങ്ങുകൾക്കും ശേഷം ഉച്ചയ്ക്ക് ഒന്നിനാണ് ശബരിമലക്ക് പുറപ്പെടുക. വിവിധ ക്ഷേത്രങ്ങളിൽ എത്തി ദർശനസൗകര്യം ഒരുക്കി തുടർന്ന് രാത്രി 9.30 ന് അയിരൂർ പുതിയകാവ് ക്ഷേത്രത്തിൽ വിശ്രമിക്കും.
13 ന് പുലർച്ചെ മൂന്നിന് പുറപ്പെടുന്ന ഘോഷയാത്രയുടെ വിശ്രമം രാത്രി 9 ന് ളാഹയിലാണ്. മകരവിളക്ക് ദിവസമായ 14 ന് ളാഹയിൽ നിന്നും പുറപ്പെട്ട്, പാണ്ടിത്താവളം, ചെറിയാനവട്ടം നീലിമല അപ്പാച്ചിമേട് വഴി വൈകിട്ട് നാലിന് ശബരിപീഠത്തിലെത്തും. തുടർന്ന് അഞ്ചരയ്ക്ക് ശരംകുത്തിവഴി 6 ന് സന്നിധാനത്തേക്ക് സ്വീകരിക്കപ്പെടും. ഘോഷയാത്രയുടെ പാതകളിലും ജ്യോതിദർശനം സാധ്യമാക്കുന്ന ഇടങ്ങളിലും മറ്റും തീർത്ഥാടകർക്ക് സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾ പോലീസ് ചെയ്തുവരുന്നു. വെർച്വൽ ക്യൂ വഴിയുള്ള ബുക്കിങ് ജനുവരി 12 ന് 60, 000, 13 ന് 50,000, 14 ന് 40,000 എന്നിങ്ങനെ ദേവസ്വം ബോർഡിന്റെ വെബ്സൈറ്റിൽ നിജപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം തീർത്ഥാടകർ ശ്രദ്ധിക്കണമെന്നും സുഗമമായ നിലയിൽ തീർത്ഥാടനകാലം അവസാനിക്കുന്നതിനുള്ള പോലീസ് നടപടികൾ ഉറപ്പാക്കിയിട്ടുണ്ടെന്നും ശബരിമല പോലീസ് കോർഡിനേറ്റർ അറിയിച്ചു.