തിരുവനന്തപുരം : കോവിഡ് ഉയരുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പുമന്ത്രിയുമായി ഐഎംഎ ചര്‍ച്ച നടത്തിയത്. പകര്‍ച്ചവ്യാധി നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് എല്ലാ പിന്തുണയും ഉറപ്പുനല്‍കുന്നതായി ഐ എം എ അറിയിച്ചു. കൂടാതെ 17 നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയില്‍ മുന്നോട്ടുവെച്ചു. ഞായര്‍, രാത്രി കര്‍ഫ്യൂകള്‍ അശാസ്ത്രീയമാണെന്ന് ഐ എം എ അറിയിച്ചു. പ്രോട്ടോക്കോളുകള്‍ നടപ്പിലാക്കുന്നതില്‍ പരാജയപ്പെടുന്നതും ക്ലസ്റ്റര്‍ രൂപീകരണം നടക്കുന്ന സ്ഥലങ്ങളും താല്‍ക്കാലികമായി അടച്ചിടണം.
ജീനോമിക് സീക്വന്‍സിംഗും എസ് ജീന്‍ പഠനവും കൂടുതല്‍ കേസുകളില്‍ നടത്തുകയും ഒമിക്രോണിനെ തിരിച്ചറിയാനുള്ള പരിശോധനകള്‍ കൂടുതല്‍ വ്യാപകമാക്കണം. കൂടുതല്‍ പഠനങ്ങളും കൂടുതല്‍ വിശകലനങ്ങളും നടത്തുന്നതിന് കോവിഡ് കേസുകളുടെ ഡാറ്റ ലഭ്യമാക്കണമെന്നും ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഐഎംഎ നിര്‍ദ്ദേശിച്ചു.
പ്രധാന നിര്‍ദ്ദേശങ്ങള്‍
1. വിവിധ സ്ഥാപനങ്ങളിലെ മാനവശേഷി ക്ഷാമം അടിയന്തിരമായി പരിഹരിക്കപ്പെടണം.
2. കോവിഡ് പ്രോട്ടോക്കോളുകള്‍ കര്‍ശനമായി നടപ്പിലാക്കുകയും ഒരു സ്ഥലത്തും ആള്‍ക്കൂട്ടം അനുവദിക്കാതിരിക്കുകയും വേണം.
3. പ്രോട്ടോക്കോളുകള്‍ നടപ്പിലാക്കുന്നതില്‍ പരാജയപ്പെടുന്നതോ ക്ലസ്റ്റര്‍ രൂപീകരണം നടക്കുന്നതോ ആയ സ്ഥലങ്ങള്‍ താല്‍ക്കാലികമായി അടച്ചിടണം.
4. മെഡിക്കല്‍ കോളേജുകളില്‍ ചേരാന്‍ കാത്തിരിക്കുന്ന റെസിഡന്‍സിനെ ഉടന്‍ പോസ്റ്റ് ചെയ്യണം.
5. പിജി ഡോക്ടര്‍മാര്‍ക്ക് അവരുടെ സ്പെഷ്യാലിറ്റി വിഷയങ്ങള്‍ പഠിക്കാന്‍ കോവിഡ് ഡ്യൂട്ടികളില്‍ നിന്ന് മതിയായ ഇളവ് നല്‍കണം.
6. ഇപ്പോള്‍ പല ഡോക്ടര്‍മാരും പോസിറ്റീവായി മാറിക്കൊണ്ടിരിക്കുന്നതിനാല്‍, അവരെ മാറ്റി നിര്‍ത്തി അവര്‍ക്ക് മതിയായ വിശ്രമം നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഉണ്ടാകണം.
7. പകര്‍ച്ചവ്യാധി നിയന്ത്രണം കൂടുതല്‍ ഫലപ്രദമാക്കാന്‍ കോവിഡ് ബ്രിഗേഡ് ഉടന്‍ പുനഃസ്ഥാപിക്കണം.
8. ജീനോമിക് സീക്വന്‍സിംഗും എസ് ജീന്‍ പഠനവും കൂടുതല്‍ കേസുകളില്‍ നടത്തുകയും ഒമിക്‌റോണിനെ തിരിച്ചറിയാനുള്ള പരിശോധനകള്‍ കൂടുതല്‍ വ്യാപകമാക്കുകയും വേണം.
9. കൂടുതല്‍ പഠനങ്ങളും കൂടുതല്‍ വിശകലനങ്ങളും നടത്തുന്നതിന്, കോവിഡ് കേസുകളുടെ ഡാറ്റ ലഭ്യമാക്കണം
10. ഹോം ഐസൊലേഷന്‍ പ്രോട്ടോക്കോളുകള്‍ നിര്‍ബന്ധമായി പാലിക്കപ്പെടണം
11. സിഎഫ്എൽടിസികള്‍ ആവശ്യാനുസരണം വീണ്ടും തുറക്കണം.
12. ഐഎംഎ പള്‍സ് ഓക്സിമീറ്റര്‍ ബാങ്ക് സര്‍ക്കാരുമായി സഹകരിക്കാന്‍ തയ്യാറാണ്. നിര്‍ദ്ധനരായ രോഗികള്‍ക്ക് പള്‍സ് ഓക്‌സിമീറ്ററുകളുടെ വിതരണം ഉറപ്പാക്കണം
13. ഞായര്‍, രാത്രി കര്‍ഫ്യൂകള്‍ അശാസ്ത്രീയവും ഉപയോഗശൂന്യവുമാണ്, അതിനാല്‍ സംസ്ഥാനത്ത് അവ നടപ്പിലാക്കുന്നതില്‍ നിന്നും പിന്മാറണം
14. കൊവിഡ് അല്ലാത്ത രോഗികള്‍ക്കും പതിവുള്ളതും അടിയന്തിരവുമായ ചികിത്സക്ക് പ്രാധാന്യം നല്‍കണം
15. ഗവ. 15 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും 2 ഡോസ് വാക്സിന്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. എല്ലാ ആരോഗ്യ പരിരക്ഷാ ദാതാക്കള്‍ക്കും 60 വയസ്സിനു മുകളിലുള്ളവര്‍ക്കും അസുഖങ്ങളുള്ളവര്‍ക്കും എത്രയും വേഗം അധിക ഡോസ് നല്‍കണം.
16. നേരത്തെ വാഗ്ദാനം ചെയ്തതുപോലെ ആരോഗ്യമേഖലയില്‍ പുതിയ ഒഴിവുകള്‍ സൃഷ്ടിക്കുകയും നിലവിലുള്ള പി.എസ്.സി വെയിറ്റിംഗ് ലിസ്റ്റില്‍ നിന്ന് തന്നെ പുതിയ നിയമനങ്ങള്‍ നടത്തുകയും വേണം.
17. ഐ.എം.എ.യെ വിദഗ്ധ സമിതിയില്‍ ഉള്‍പ്പെടുത്തുകയും അതുവഴി രോഗ നിയന്ത്രണത്തില്‍ കൂടുതല്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്തുവാന്‍ അവസരം ലഭ്യമാക്കുകയും വേണമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ഘടകം നിര്‍ദ്ദേശിച്ചു.

































