ന്യൂഡൽഹി : ആഗോള സമ്പദ്വ്യവസ്ഥയിൽ അനിശ്ചിതത്വങ്ങൾ തുടരുമ്പോഴും ഇന്ത്യയുടെ വളർച്ചയിൽ പ്രതീക്ഷയർപ്പിച്ച് അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്). നടപ്പ് സാമ്പത്തിക വർഷം ഇന്ത്യ ഏഴ് ശതമാനം വളർച്ച കൈവരിക്കുമെന്നും ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയെന്ന സ്ഥാനം നിലനിർത്തുമെന്നുമാണ് ഐഎംഎഫിന്റെ പ്രവചനം. ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റം ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് സ്ഥിരത പകരുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതികരിച്ചു. 2026–27 സാമ്പത്തിക വർഷത്തിൽ ഇന്ത്യ 7.1 ശതമാനം വളർച്ച നേടുമെന്നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രതീക്ഷ. ഇതിന് സമാനമായ വിലയിരുത്തലാണ് ഐഎംഎഫും മുന്നോട്ടുവയ്ക്കുന്നത്. വികസിത രാജ്യങ്ങളെയും വികസ്വര രാജ്യങ്ങളെയും അപേക്ഷിച്ച് ഉയർന്ന വളർച്ചാ നിരക്കാണ് ഇന്ത്യയ്ക്ക് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ആഗോള സാമ്പത്തിക രംഗത്ത് വെല്ലുവിളികൾ നിലനിൽക്കുമ്പോഴും രാജ്യത്തിന്റെ വളർച്ചാ സാധ്യതകൾ ശക്തമായി തുടരുന്നുവെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇന്ത്യയുടെ വളർച്ചാ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ചൈനയ്ക്ക് നാല് ശതമാനവും അമേരിക്കയ്ക്ക് 2.3 ശതമാനവും വളർച്ചയാണ് ഐഎംഎഫ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിൽ ആഗോള സമ്പദ്വ്യവസ്ഥയിൽ ഇന്ത്യയുടെ പ്രാധാന്യം വർധിക്കുന്നതായാണ് വിലയിരുത്തൽ.




























