കൊച്ചി : പാലിന്റെ വില ലിറ്ററിന് ആറ് രൂപ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി മില്‍മ. വില വര്‍ദ്ധന ഉണ്ടായില്ലെങ്കില്‍ തുക സര്‍ക്കാര്‍ ഇന്‍സെന്റീവായി നല്‍കണമെന്നും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ് മില്‍മ പ്രതിനിധികള്‍ ആവശ്യം ഉന്നയിച്ചത്.
നേരത്തെ പാല്‍ വില കൂട്ടണമെന്ന് മേഖലാ യൂണിയനുകള്‍ ശുപാര്‍ശ ചെയ്തിരുന്നെങ്കിലും തല്‍ക്കാലം വില വര്‍ധിപ്പിക്കേണ്ടതില്ലെന്നായിരുന്നു മില്‍മ ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനം. ക്ഷീര കര്‍ഷകര്‍ക്കായി ഓണത്തിന് മുന്‍പ് ലിറ്ററിന് നാല് രൂപ മില്‍മ വര്‍ധിപ്പിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ആറ് രൂപ വരെ വര്‍ധിപ്പിക്കണമെന്ന ശുപാര്‍ശ യൂണിയനുകള്‍ മുന്നോട്ടുവച്ചത്. കാലിത്തീറ്റയുടെ വില കൂടിയതും വേനല്‍ക്കാലത്ത് പാലിന് ക്ഷാമം നേരിടുന്നതും, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പാല്‍ ഇറക്കുമതി ചെയ്യുന്നതും ചൂണ്ടിക്കാട്ടിയാണ് വില വര്‍ധനയ്ക്ക് നീക്കം നടന്നത്.