ന്യൂഡല്‍ഹി : രാജ്യത്ത് ആശങ്കയേറ്റി കോവിഡ് ബാധിതരുടെ കണക്ക് ഉയരുന്നു. കഴിഞ്ഞ ഒരു ദിവസത്തിനിടെ മാത്രം 34884 പേര്‍ കോവിഡ് ബാധിതരായെന്നാണ് കണക്ക് . 24 മണിക്കൂറിനിടെ 671 കോവിഡ് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് മരണം 26273 ആയി.
ഇന്ത്യയിലിതുവരെ 1038716 പേർക്കാണ് കോവിഡ് ബാധിച്ചത്. നിലവിൽ 358692 പേര്‍ കോവിഡ് ബാധിതരായി ചികിത്സയിൽ കഴിയുന്നുണ്ട്. 62.93 ശതമാനമാണ് ഇന്ത്യയിലെ രോഗമുക്തി നിരക്ക്. രോഗബാധിതരുടെ എണ്ണത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള ബ്രസീലിലെ പ്രതിദിന വര്‍ദ്ധനയെക്കാൾ കൂടുതലാണ് ഇപ്പോൾ ഇന്ത്യയിലെ കണക്ക്. 34177 ആയിരുന്നു ഇന്നലെ ബ്രസീലിലെ പ്രതിദിന വര്‍ദ്ധന.
രോഗബാധയുടെ തുടക്കത്തിൽ നിന്ന് വ്യത്യസ്തമായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വൈറസ് ബാധിതരുടെ എണ്ണത്തിൽ വലിയ വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ആറ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രം ആകെ രോഗബാധിതരുടെ മുപ്പത് ശതമാനത്തിന് അടുത്ത് രോഗികൾ ഉണ്ടെന്നാണ് കണക്ക്.