ന്യൂഡല്‍ഹി : രാജ്യത്തെ കൊവിഡ് മരണങ്ങളുടെ എണ്ണം കുത്തനെ കൂടി. കഴിഞ്ഞ 24 മണിക്കൂറിൽ 2003 കൊവിഡ് മരണങ്ങളാണ് പുതുതായി രജിസ്റ്റർ ചെയ്തത്. ഇതാദ്യമായാണ് ഇത്രയും കൊവിഡ് മരണങ്ങൾ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്യുന്നത്.
ഡല്‍ഹിയടക്കമുള്ള സംസ്ഥാനങ്ങളിൽ രേഖപ്പെടുത്താതിരുന്ന നിരവധി മരണങ്ങൾ കണക്കിൽ ചേർത്തതാണ് മരണസംഖ്യ ഇത്ര കണ്ട് കൂടാൻ കാരണമായെന്നാണ് ആരോഗ്യമന്ത്രാലയം നൽകുന്ന സൂചന. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 11,903 ആയി.
24 മണിക്കൂറിൽ 10,974 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം മൂന്നരലക്ഷം കടന്നു. കൃത്യമായി പറഞ്ഞാൽ 3,54,065 കൊവിഡ് കേസുകളാണ് ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. നിലവിൽ 1,55,227 പേരാണ് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. നേരത്തെ ബംഗാളിൽ രേഖപ്പെടുത്താതെ പോയ കൊവിഡ് രോഗികളുടെ എണ്ണം കൂട്ടിച്ചേർത്തപ്പോഴും ഇതേ പോലെ കൊവിഡ് കണക്കിൽ വൻ വർധനയുണ്ടായിരുന്നു.