ഹാമില്‍ട്ടണ്‍ : ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ മൂന്നാം മത്സരം നാളെ ഹാമില്‍ട്ടണില്‍ നടക്കും. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര ലക്ഷ്യമിട്ടാണ് ഹാമില്‍ട്ടണില്‍ ഇറങ്ങുന്നത്. ഓക്‌ലന്‍ഡിലേതുപോലെ ബാറ്റിംഗ് പറുദീസ തന്നെയാണ് ഹാമില്‍ട്ടണിലും ഇരു ടീമുകളെയും കാത്തിരിക്കുന്നത്. അതിനാല്‍ തന്നെ മാറ്റങ്ങളോടെയാകും ഇന്ത്യ മൂന്നാം മത്സരത്തിന് ഇറങ്ങുക എന്നാണ് സൂചന. മൂന്നാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം.
ഓപ്പണിംഗില്‍ രോഹിത് ശര്‍മ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടെങ്കിലും കെ എല്‍ രാഹുലിന്റെ ഫോം ഇന്ത്യക്ക് മുതല്‍ക്കൂട്ടാണ്. രോഹിത്-രാഹുല്‍ സഖ്യം തന്നെയാകും മൂന്നാം മത്സരത്തിലും ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുക. വണ്‍ ഡൗണില്‍ ക്യാപ്റ്റന്‍ വിരാട് കോലിയെത്തുമ്പോള്‍ നാലാം നമ്പറില്‍ ശ്രേയസ് അയ്യരും അഞ്ചാമനായി മനീഷ് പാണ്ഡെയും എത്തും. ആറാം നമ്പറില്‍ ശിവം ദുബെ ഇറങ്ങുമ്പോള്‍ ഏഴാമനായി രവീന്ദ്ര ജഡേജ എത്തും.
ബൗളിംഗിലാണ് ഇന്ത്യ ഏക മാറ്റം വരുത്താനുള്ള സാധ്യതയുള്ളത്. ആദ്യ രണ്ട് കളികളിലും ഒട്ടേറെ റണ്‍സ് വഴങ്ങിയ ഷര്‍ദ്ദുല്‍ ഠാക്കൂറിന് പകരം നവദീപ് സെയ്നിയെ ഇന്ത്യ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കും. ഷര്‍ദ്ദുലിന്റെ ബാറ്റിംഗ് മികവ് പ്ലസ് പോയന്റാണെങ്കിലും ആദ്യ രണ്ട് മത്സരങ്ങളിലും ഷര്‍ദ്ദുല്‍ ഒട്ടേറെ റണ്‍സ് വഴങ്ങിയിരുന്നു. പേസര്‍മാരായി മുഹമ്മദ് ഷമിയും ജസ്പ്രീത് ബുമ്രയും തന്നെ തുടരും.