ന്യൂഡൽഹി: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100% വരെ തീരുവ ഏർപ്പെടുത്താനുള്ള അമേരിക്കൻ നീക്കത്തിനെതിരെ അന്താരാഷ്ട്ര വേദികളിലും ശക്തമായ എതിർപ്പറിയിക്കാൻ തീരുമാനിച്ച് ഇന്ത്യ. അടുത്തയാഴ്ച വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഐക്യരാഷ്ട്രസഭയിൽ നടത്തുന്ന പ്രസംഗത്തിലും ഏകപക്ഷീയ തീരുവകൾക്കെതിരായ നിലപാട് വ്യക്തമാക്കിയേക്കും. വാണിജ്യമന്ത്രി പിയൂഷ് ഗോയൽ ജി ഇരുപത് യോഗത്തിലും ഇക്കാര്യം ഉന്നയിക്കും. ഈ മാസം 24 ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗുമായി ഡോണൾഡ് ട്രംപ് നടത്താൻ പോകുന്ന ചർച്ചയിൽ എന്തുണ്ടാകുമെന്നും ഇന്ത്യ നിരീക്ഷിക്കുകയാണ്.
അതേസമയം 100% തീരുവ വരെ ഏർപ്പെടുത്താനുള്ള അധികാരം ഡോണൾഡ് ട്രംപിന് യു എസ് കോൺഗ്രസ് നൽകിയതോടെ ഇന്ത്യ – അമേരിക്ക വ്യാപാര കരാർ ചർച്ചകളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.ഏതുസമയവും വ്യാപാര കരാർ ഒപ്പുവെക്കാം എന്നായിരുന്നു നേരത്തെ ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ വ്യക്തമാക്കിയത്. എന്നാൽ റഷ്യൻ എണ്ണ വാങ്ങുന്നതിലെ അധിക തീരുവയെക്കുറിച്ച് വ്യക്തതയുണ്ടാകേണ്ടത് ഈ ചർച്ചകൾ മുന്നോട്ടുപോകാൻ അനിവാര്യമാണെന്ന് സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഏകപക്ഷീയ തീരുമാനത്തിനെതിരെ അടുത്തിടെ നടന്ന ബ്രിക്സ് ഉച്ചകോടി പ്രമേയം പാസാക്കിയിരുന്നു. ഇതേ നിലപാട് എസ് ജയശങ്കർ ഐക്യരാഷ്ട്ര പൊതുസഭയിൽ നടത്തുന്ന പ്രസംഗത്തിലും പറയാനാണ് സാധ്യത































