ഡൽഹി : 2028-29-ഓടെ ഇന്ത്യയുടെ വാർഷിക പ്രതിരോധ ഉത്പാദനം മൂന്ന് ലക്ഷം കോടി രൂപയിലെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഇതേ കാലയളവിൽ ആയുധ കയറ്റുമതി 50,000 കോടി രൂപയാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹ്രസ്വകാല ഫലങ്ങളിലല്ല പകരം ദീർഘകാല നേട്ടങ്ങളിലാണ് കേന്ദ്ര സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2047-ൽ എല്ലാ മേഖലകളെയും ശാക്തീകരിക്കുകയാണ് ലക്ഷ്യമെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു.
എട്ട് വർഷങ്ങൾക്ക് മുൻപ് രാജ്യത്തിന്റെ പ്രതിരോധ കയറ്റുമതി ആയിരം കോടി പോലും എത്തിയിരുന്നില്ല. ആ കാലഘട്ടത്തിൽ നിന്ന് ഇന്ന് 16,000 കോടി രൂപയിലെത്തിയിരിക്കുകയാണ് ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി. പ്രതിരോധ മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതും ഭാരതത്തിന് നേട്ടങ്ങൾ നൽകുന്നു. ഉത്പാദന മേഖലയിൽ സമൂലമായ മാറ്റങ്ങൾ അവതരിപ്പിക്കുന്നതിനും വാർഷിക ആഭ്യന്തര ഉത്പാദനം ഒരു ലക്ഷം കോടി കടന്നതായും രാജ്നാഥ് സിംഗ് പറഞ്ഞു. ഇന്ന് സൈന്യം സ്വന്തം മണ്ണിൽ നിർമ്മിച്ച ആയുധങ്ങളും വെടിക്കോപ്പുകളും ഉപയോഗിച്ചാണ് പ്രതിരോധം തീർക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.