ന്യൂഡല്‍ഹി : ബംഗളൂരു വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെ രണ്ട് ഇന്‍ഡിഗോ എയര്‍ വിമാനങ്ങള്‍ ആകാശത്തുവെച്ച് കൂട്ടിമുട്ടലില്‍ നിന്ന് ഒഴിവായത് തലനാരിഴക്ക്. ജനുവരി ഒമ്പതിനായിരുന്നു സംഭവം. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഓഫീസ് വൃത്തങ്ങള്‍ ഇക്കാര്യം വ്യക്തമാക്കിയതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വലിയ അപകടം തലനാരിഴക്ക് ഒഴിവായത് ലോഗ്ബുക്കില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എയര്‍പോര്‍ട്ട് അതോറിറ്റിയും വിവരമറിയിച്ചിട്ടില്ല. എന്നാല്‍ സംഭവം അന്വേഷിക്കുമെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡി.ജി.സി.എ മേധാവി അരുണ്‍ കുമാര്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു. ഇതുസംബന്ധിച്ച് ഇന്‍ഡിഗോ എയറുമായും എയര്‍പോര്‍ട്ട് അതോറിറ്റിയുമായും പി.ടി.ഐ ബന്ധപ്പെട്ടെങ്കിലും പ്രതികരണം ലഭ്യമായില്ല.
ഇന്‍ഡിഗോ എയറിന്‍റെ ബംഗളൂരു-കൊല്‍ക്കത്ത വിമാനവും ബംഗളൂരു-ഭുവനേശ്വര്‍ വിമാനവുമാണ് കൂട്ടിയിടിയുടെ വക്കിലെത്തിയതെന്ന് ഡി.ജി.സി.എ വൃത്തങ്ങള്‍ പറഞ്ഞു. വിമാനങ്ങള്‍ നിശ്ചിത അകലം പാലിക്കണമെന്ന നിബന്ധനയാണ് തെറ്റിച്ചിരിക്കുന്നത്. ജനുവരി ഒമ്പതിന് രാവിലെ അഞ്ച് മിനിറ്റിന്‍റെ വ്യത്യാസത്തിലാണ് ഈ രണ്ട് വിമാനങ്ങളും ബംഗളൂരുവില്‍ നിന്ന് പറന്നുയര്‍ന്നത്. പുറപ്പെട്ടതിന് ശേഷം രണ്ട് വിമാനങ്ങളും നേര്‍ക്കുനേര്‍ നീങ്ങുകയായിരുന്നു. റഡാര്‍ കണ്‍ട്രോളര്‍ ഈ വിവരം അറിയിക്കുകയും ആകാശത്തു വെച്ചുള്ള കൂട്ടിയിടി ഒഴിവാക്കുകയുമായിരുന്നുവെന്ന് ഡി.ജി.സി.എ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.