ഹരിത കര്‍മ സേനയില്‍ ഒഴിവ്
പത്തനംതിട്ട നഗരസഭയില്‍ ഹരിത കര്‍മ സേന അംഗമായി സേവനമനുഷ്ഠിക്കാന്‍ താല്പര്യമുള്ള 45 വയസ് പ്രായപരിധി കഴിയാത്ത വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കുറഞ്ഞ വിദ്യാഭ്യാസയോഗ്യത എട്ടാം ക്ലാസ്. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാനുള്ള കഴിവ് ഉണ്ടാവണം. നഗരസഭാ നിവാസികള്‍ക്ക് മുന്‍ഗണന. നഗരസഭയുടെ എട്ട് കി.മീ പരിധിയില്‍ സ്ഥിരതാമസം ഉള്ളവരെയും പരിഗണിക്കും. താല്പര്യമുള്ളവര്‍ വെള്ള കടലാസിലുള്ള അപേക്ഷ ഏപ്രില്‍ 18 പകല്‍ 4 മണിക്ക് മുമ്പ് നഗരസഭാ സെക്രട്ടറിക്ക് സമര്‍പ്പിക്കണം. ഫോണ്‍ – 9446954023
ദര്‍ഘാസ്
പത്തനംതിട്ട പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കൃഷി വകുപ്പിന്റെ വിവിധ ഫാമുകളില്‍ ഉത്പാദിപ്പിക്കപ്പെട്ട തെങ്ങിന്‍തൈകള്‍, വിത്ത് തേങ്ങ, വളങ്ങള്‍, മറ്റ് നടീല്‍ വസ്തുക്കള്‍ എന്നിവ പത്തനംതിട്ട ജില്ലയിലെ കൃഷി ഭവനുകളിലും മറ്റ് സ്ഥലങ്ങളിലും എത്തിച്ചു നല്‍കുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 26 ന് പകല്‍ 12 വരെ.ഫോണ്‍ :0468 2222597.
അക്ഷയ ഊര്‍ജ അവാര്‍ഡ് 2022; അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്ത് അക്ഷയ ഊര്‍ജ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളവര്‍ക്ക് അവാര്‍ഡുകള്‍ നല്‍കുന്നതിനായി കേരള സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു. പൊതു സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഇതര സംഘടനകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, യുവ സംരംഭകര്‍, വാണിജ്യ സംരംഭകര്‍, ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ അനെര്‍ട്ട് മുഖേന അവാര്‍ഡുകള്‍ നല്‍കുന്നത്. 2021 ഏപ്രില്‍ ഒന്നു മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള കാലയളവിലെ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. സംസ്ഥാനതലത്തില്‍ രൂപീകരിക്കപ്പെട്ടിട്ടുള്ള മോണിട്ടറിംഗ് കമ്മറ്റിക്കാണ് അവാര്‍ഡ് നിര്‍ണയിക്കുന്നത്തിനുള്ള മേല്‍നോട്ട ചുമതല. അവാര്‍ഡിനുള്ള അപേക്ഷകള്‍ പരിശോധിച്ച് അര്‍ഹരായവരെ ശുപാര്‍ശ ചെയ്യുന്നത് ഇതിനായി നിയോഗിച്ചിട്ടുള്ള പ്രത്യേക ജഡ്ജിംഗ് കമ്മിറ്റിയാണ്. ഓരോ മേഖലയിലും അവാര്‍ഡിന് അര്‍ഹരാകുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും ഫലകവും പ്രശസ്തിപത്രവും നല്‍കും. അപേക്ഷാ ഫോറവും മറ്റു മാര്‍ഗനിര്‍ദ്ദേശങ്ങളും അനെര്‍ട്ടിന്റെ www.anert.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. നിശ്ചിത അപേക്ഷകള്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, അനെര്‍ട്ട്, വികാസ്ഭവന്‍ പി.ഒ, തിരുവനന്തപുരം – 695033 എന്ന വിലാസത്തില്‍ ഏപ്രില്‍ 20 ന് മുന്‍പ് ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 425 1803 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടുക.
കിലെ മാധ്യമ അവാര്‍ഡിന് അപേക്ഷിക്കാം
കിലെ മാധ്യമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ തൊഴില്‍ മേഖലയെയും തൊഴിലാളികളെയും സംബന്ധിച്ച് കഴിഞ്ഞ ഒരു വര്‍ഷകാലയളവില്‍ പത്രങ്ങള്‍, വാരികകള്‍ എന്നിവയില്‍ പ്രസിദ്ധീകരിച്ച സാമൂഹിക പ്രസക്തിയുള്ള മികച്ച ലേഖനങ്ങള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. അവാര്‍ഡിന് പരിഗണിക്കേണ്ട ലേഖനങ്ങള്‍/വാര്‍ത്തകള്‍ എന്നിവ നല്‍കിയ ലേഖകന്റെ വിശദ വിവരങ്ങള്‍ സഹിതം ഏപ്രില്‍ 17 ന് വൈകുന്നേരം നാലിന് മുമ്പായി എക്സിക്യുട്ടീവ് ഡയറക്ടര്‍, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്മെന്റ് (കിലെ), തൊഴില്‍ ഭവന്‍, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം-33 എന്ന മേല്‍ വിലാസത്തിലോ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ, കിലയുടെ ഓഫീസില്‍ നേരിട്ടോ നല്‍കണം. മികച്ച ലേഖനത്തിന് 25,000 രൂപ ക്യാഷ് അവാര്‍ഡും ഫലകവും പ്രശസ്തി പത്രവും നല്‍കും.
റാങ്ക് ലിസ്റ്റ് റദ്ദായി
പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌ക്കൂള്‍ അസിസ്റ്റന്റ് (ഹിന്ദി) (ഫസ്റ്റ് എന്‍സിഎ എല്‍ സി /എഐ) (കാറ്റഗറി നം.171/2018) തസ്തികയിലേക്ക് 27/11/2019ല്‍ നിലവില്‍ വന്ന 601/2019/എസ് എസ് മൂന്ന് നമ്പര്‍ റാങ്ക് പട്ടികയില്‍ നിന്നും, എല്‍സി/എഐ സമുദായത്തിന്റെ നിലവിലുണ്ടായിരുന്ന ഒരു ഒഴിവിലേക്ക് നിയമനശിപാര്‍ശ ചെയ്ത ഉദ്യോഗാര്‍ഥി 15/07/2021 ല്‍ ജോലിയില്‍ പ്രവേശിച്ചതിനാല്‍, ഈ എന്‍സിഎ റാങ്ക് ലിസ്റ്റ് 16/07/2021 പൂര്‍വാഹ്നത്തിന് നിലവിലില്ലാതാകുംവിധം 15/07/2021 തീയതി അര്‍ദ്ധരാത്രി മുതല്‍ റദ്ദായതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222665.
റാങ്ക് ലിസ്റ്റ് റദ്ദായി
പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ഹൈസ്‌ക്കൂള്‍ ടീച്ചര്‍ (അറബിക്) (കാറ്റഗറി നം. 536/2013) തസ്തികയിലേക്ക് 21.01.2019 തീയതിയില്‍ പ്രാബല്യത്തില്‍ വന്ന 59/19/എസ്എസ് എസ്പിഎല്‍ നമ്പര്‍ റാങ്ക് പട്ടികയുടെ നിശ്ചിത കാലാവധിയായ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുകയും ദീര്‍ഘിപ്പിച്ച കാലാവധി 20/01/2023 തീയതിയില്‍ പൂര്‍ത്തിയാക്കുകയും ചെയ്തതിനാല്‍ ഈ റാങ്ക് പട്ടിക 21/01/2023പൂര്‍വാഹ്നത്തില്‍ പ്രാബല്യത്തിലില്ലാതാകും വിധം 20/01/2023 തീയതി അര്‍ദ്ധരാത്രി മുതല്‍ റദ്ദായതായി ജില്ലാ പിഎസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222665.
ബിസിനസ് ഗ്രോത്ത് പ്രോഗ്രാം
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് (കെഐഇഡി) ന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന എന്റര്‍പ്രൈസ് ഡെവലപ്മെന്റ് സെന്റര്‍(ഇഡിസി) മുഖാന്തിരം ബിസിനസ് ഗ്രോത്ത് പ്രോഗ്രാം (ബിജിപി) നടത്തുന്നു. മെന്റര്‍ഷിപ്പ്, ട്രെയിനിംഗ് സെഷനുകള്‍, ഹാന്‍ഡ് ഹോള്‍ഡിംഗ് എന്നിവ അടങ്ങിയ ആറ് മാസത്തെ പ്രോഗ്രമാണ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ താത്പര്യമുളള സംരംഭകര്‍ക്ക് www.edckerala.org ല്‍ രജിസ്റ്റര്‍ ചെയ്യാം. അപേക്ഷിക്കാനുളള അവസാന തീയതി ഏപ്രില്‍ 29. ഫോണ്‍: 0484 2550322, 2532890
അപേക്ഷ ക്ഷണിച്ചു
കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം സെന്ററില്‍ മെയ് മാസം ആരംഭിക്കുന്ന വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 6 മാസമാണ് കോഴ്‌സിന്റെ കാലാവധി. 30 പേര്‍ക്കാണ് പ്രവേശനം. നൂതന സോഫ്റ്റ്‌വെയറുകളില്‍ പരിശീലനം നല്‍കും. 30,000 രൂപയാണ് ഫീസ്. പട്ടികജാതി/പട്ടികവര്‍ഗ/ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കും.
പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് www.keralamediaacademy.org വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായോ, ശാസ്തമംഗലത്തുള്ള അക്കാദമി സെന്ററില്‍ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് 150 രൂപ) ഇ-ട്രാന്‍സ്ഫര്‍/ ബാങ്ക് മുഖേന അടച്ച രേഖയും, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 30. ഫോണ്‍: 0471 2726275, 0484 2422275, 6282692725.
തോട്ടങ്ങളിലെ കാടും പടലും നീക്കം ചെയ്യണം
റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ പല ഭാഗങ്ങളിലും വന്യമൃഗ ആക്രമണം കാരണം വളര്‍ത്തു മൃഗങ്ങള്‍ക്ക് ജീവഹാനി സംഭവിക്കുന്നതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് പരിധിയിലുളള ചെറുകിട, വന്‍കിട തോട്ടങ്ങളിലെ കാടും പടലും അടിയന്തിരമായി നീക്കം ചെയ്യണമെന്ന് റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അല്ലാത്ത പക്ഷം നിയമാനുസൃത തുടര്‍നടപടികള്‍ സ്വീകരിക്കും.
































