സ്‌കോള്‍ കേരള: യോഗ കോഴ്സിന് അപേക്ഷ ക്ഷണിച്ചു
സ്‌കോള്‍-കേരള മുഖേന നാഷണല്‍ ആയുഷ് മിഷന്റെയും സംസ്ഥാന ആയുഷ് വകുപ്പിന്റെയും അംഗീകാരത്തോടെ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ യോഗിക് സയന്‍സ് ആന്‍ഡ് സ്പോര്‍ട്സ് യോഗ കോഴ്സിന്റെ ഒന്നാം ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. പിഴയില്ലാതെ ഏപ്രില്‍ 20 വരെയും 100 രൂപ പിഴയോട് കൂടി ഏപ്രില്‍ 27 വരെയും ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യാം. ഫീസ് 12500. കോഴ്സ് ഫീസ് ഒറ്റത്തവണ ആയോ രണ്ട് തവണകളായോ അടക്കാം. പ്രവേശന യോഗ്യത ഹയര്‍സെക്കന്‍ഡറി അല്ലെങ്കില്‍ തത്തുല്യ കോഴ്സിലെ വിജയം. പ്രായപരിധി 17 വയസ് മുതല്‍ 50 വയസ് വരെ. കോഴ്സിന്റെ കാലാവധി ഒരു വര്‍ഷം. ഒരു ബാച്ചില്‍ 30 വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യേണ്ട വെബ്സൈറ്റ് www.scolekerala.org.
ഫോണ്‍ : 8078104255.
മസ്റ്ററിങ്
കേരള ഷോപ്സ് ആന്‍ഡ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസില്‍ നിന്നും 2022 ഡിസംബര്‍ വരെയുളള പെന്‍ഷന്‍ കൈപ്പറ്റിയവര്‍ അക്ഷയ സെന്റര്‍ വഴി ജൂണ്‍ 30 -ന് മുമ്പ് ബയോമെട്രിക് മസ്റ്ററിംങ് നടത്തണം. അല്ലാത്തവര്‍ക്ക് ജൂലൈ മുതലുളള പെന്‍ഷന്‍ ലഭിക്കില്ല. ഫോണ്‍ :0468-2223169.
ഫോട്ടോ ജേര്‍ണലിസം കോഴ്സ് പരീക്ഷാഫലം പ്രഖ്യാപിച്ചു
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനില്‍ ഏഴാം ബാച്ച് ഫോട്ടോ ജേര്‍ണലിസം ഡിപ്ലോമ കോഴ്സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. അക്കാദമി തിരുവനന്തപുരം സെന്ററിലെ വി.ടി അമല്‍ ഒന്നാം റാങ്കിനും കൊച്ചി സെന്ററിലെ കെ.എം അര്‍ജുന്‍ രണ്ടാം റാങ്കിനും ഇ.ബി അതുല്‍ കൃഷ്ണന്‍ മൂന്നാം റാങ്കിനും അര്‍ഹരായി. പരീക്ഷാഫലം അക്കാദമി വെബ്സൈറ്റായ www.keralamediaacademy.org ല്‍ ലഭിക്കും.
നികുതി അടയ്ക്കണം
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ 2022-23 വരെ കുടിശിക വരുത്തിയിട്ടുളള എല്ലാ നികുതികളും (കെട്ടിട നികുതി, ലൈസന്‍സ് ഫീസ്, തൊഴില്‍ നികുതി) ഏപ്രില്‍ 25 ന് അകം ഇ-പെയ്മെന്റ് മുഖേനയോ നേരിട്ടോ ഒടുക്കു വരുത്തി പ്രൊസിക്യൂഷന്‍ /റവന്യൂ റിക്കവറി നടപടികളില്‍ നിന്നും ഒഴിവാകണമെന്ന് ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
ബിസിനസ് എസ്റ്റാബ്ലിഷ്മെന്റ് പ്രോഗ്രാം
പ്രവര്‍ത്തന കാര്യക്ഷമത നേടുവാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്കായി വ്യവസായ-വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ് ഡെവലപ്മെന്റ് (കീഡ്), 7 ദിവസത്തെ ബിസിനസ് എസ്റ്റാബ്ലിഷ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കും. മെയ് 9 മുതല്‍ 17 വരെ കളമശേരിയിലുള്ള കീഡ് ക്യാമ്പസിലാണ് പരിശീലനം. ലീഗല്‍ ആന്റ് സ്റ്റാറ്റിയൂട്ടറി കംപ്ലയന്‍സ്, പാക്കേജിംഗ്, ബ്രാന്‍ഡിംഗ്, സ്ട്രാറ്റജിക് മാര്‍ക്കറ്റിംഗ്, വര്‍ക്കിംഗ് കാപ്പിറ്റല്‍ മാനേജ് മെന്റ്, അഡ്വാന്‍സ്ഡ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ടൈം ആന്റ് സ്ട്രെസ് മാനേജ്മെന്റ്, സ്‌കീംസ് തുടങ്ങിയ വിഷയങ്ങളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോഴ്സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജി എസ് റ്റി ഉള്‍പ്പെടെ 4130 രൂപയാണ് പരിശീലന ഫീസ്. താല്പര്യമുള്ളവര്‍ കീഡിന്റെ വെബ്സൈറ്റില്‍ www.kied.info മെയ് ഒന്നിനു മുമ്പ് അപേക്ഷ സമര്‍പ്പിക്കണം.
ഫോണ്‍ : 0484-2532890, 2550322, 9605542061.
സൗജന്യപരിശീലനം
പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ സോഫ്റ്റ് റ്റൊയ്സ്, നെറ്റിപ്പട്ടം പരിശീലന കോഴ്സിലേക്കുള്ള പ്രവേശനം തുടങ്ങുന്നു. പരിശീലന കാലാവധി 13 ദിവസം. 18 നും 44 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ 8330010232, 04682270243 എന്നീ നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
മാലിന്യ സംസ്‌കരണം : എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ്
മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തി നിയമനടപടികള്‍ സ്വീകരിക്കുന്നതിന് പ്രത്യേക എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് രൂപീകരിച്ചു. മാലിന്യം പൊതു സ്ഥലങ്ങളില്‍ നിക്ഷേപിക്കുന്നതും കത്തിക്കുന്നതും ജലസ്രോതസുകളില്‍ മലിനജലം ഒഴുക്കി വിടുന്നതുമായി ബന്ധപ്പെട്ട് 16 ഉം നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ സംഭരണം, വില്‍പന എന്നിവയുമായി ബന്ധപ്പെട്ട് 180 ഉം നിയമ ലംഘനങ്ങള്‍ കണ്ടെത്തി. വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് 853 കി.ഗ്രാം നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു. നിയമ ലംഘനങ്ങള്‍ നടത്തിയവര്‍ക്കെതിരെ നിയമാനുസൃത പിഴ ഈടാക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ നടപടി തുടങ്ങി. എല്ലാ വ്യാപാരി വ്യവസായികളും ഒറ്റതവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് അടക്കമുളള അജൈവ വസ്തുക്കളുടെ വില്‍പനയും വിതരണവും നിര്‍ത്തലാക്കി പകരം പ്രകൃതി സൗഹൃദ വസ്തുക്കളുടെ ഉത്പാദന വിതരണത്തില്‍ ശ്രദ്ധ കൊടുക്കണമെന്നും എല്‍എസ്ജിഡി പത്തനംതിട്ട ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.
കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്ത്:
പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് 1402 പരാതികള്‍
സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും താലൂക്കുതല അദാലത്തിലേക്ക് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 1402 പരാതികള്‍. അടൂര്‍ താലൂക്കിലാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. 385 പരാതികള്‍. കോഴഞ്ചേരി -280, കോന്നി- 216, റാന്നി-190, തിരുവല്ല-193, മല്ലപ്പള്ളി-138 എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിലെ കണക്ക്. മല്ലപ്പള്ളി താലൂക്കിലാണ് ഏറ്റവും കുറവ് പരാതികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഏപ്രില്‍ ഒന്ന് മുതല്‍ ഏപ്രില്‍ 13 വരെയുള്ള കണക്കാണിത്. ഏപ്രില്‍ 15 വരെയാണ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയം. അപകടകരമായ രീതിയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റല്‍, ക്ഷേമനിധി ബോര്‍ഡില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍, സാമൂഹികക്ഷേമ പെന്‍ഷന്‍ കുടിശിക, ഭൂമി സംബന്ധമായ വിഷയങ്ങള്‍ എന്നിവ സംബന്ധിച്ച പരാതികളാണ് ഏറെയും. ജില്ലയില്‍ മേയ് രണ്ടു മുതല്‍ 11 വരെയാണ് അദാലത്ത് നടക്കുന്നത്. മന്ത്രിമാരായ വീണാ ജോര്‍ജ്, പി. രാജീവ്, ജി.ആര്‍. അനില്‍ എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയില്‍ താലൂക്ക് തല അദാലത്തുകള്‍ സംഘടിപ്പിക്കുന്നത്. പരാതികള്‍ പൂര്‍ണമായും സൗജന്യമായി സമര്‍പ്പിക്കാം. പരാതികള്‍ നേരിട്ട് താലൂക്ക് അദാലത്ത് സെല്ലുകള്‍ വഴിയും www.karuthal.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖാന്തരവും സമര്‍പ്പിക്കുന്നതിനു സൗകര്യം ഏര്‍പ്പെുടത്തിയിട്ടുണ്ട്. ഇതു പൂര്‍ണമായും സൗജന്യമാണ്. അക്ഷയ കേന്ദ്രങ്ങള്‍ വഴി പരാതി സമര്‍പ്പിക്കുമ്പോള്‍ 20 രൂപ സര്‍വീസ് ചാര്‍ജ് ഇടാക്കും. പൊതുജനങ്ങളില്‍നിന്നു പരാതികള്‍ നേരിട്ടു സ്വീകരിക്കുന്നതിനായി താലൂക്ക് തലത്തില്‍ താലൂക്ക് അദാലത്ത് സെല്ലും ലഭിക്കുന്ന പരാതികള്‍ പരിശോധിക്കുന്നതിനായി വകുപ്പുതലത്തില്‍ ജില്ലാ അദാലത്ത് സെല്ലും പരാതിയിന്മേലുള്ള നടപടി നിരീക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ജില്ലാ തല അദാലത്ത് മോണിറ്ററിംഗ് സെല്ലുകളും പ്രവര്‍ത്തിക്കും.
ഭൂമി സംബന്ധമായ വിഷയങ്ങള്‍ (അതിര്‍ത്തി നിര്‍ണയം, അനധികൃത നിര്‍മാണം, ഭൂമി കയ്യേറ്റം), സര്‍ട്ടിഫിക്കറ്റുകള്‍ / ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാലതാമസം നിരസിക്കല്‍, തണ്ണീര്‍ത്തട സംരക്ഷണം, ക്ഷേമ പദ്ധതികള്‍ ( വിവാഹ/പഠന ധനസഹായം ക്ഷേമ പെന്‍ഷന്‍ മുതലായവ), പ്രകൃതി ദുരന്തങ്ങള്‍ക്കുള്ള നഷ്ടപരിഹാരം, സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ കുടിശിക ലഭിക്കുക, പെന്‍ഷന്‍ അനുവദിക്കുക, പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്‌ക്കരണം, തെരുവ് നായ സംരക്ഷണം/ശല്യം, അപകടകരങ്ങളായ മരങ്ങള്‍ മുറിച്ചുമാറ്റുന്നത്, തെരുവുവിളക്കുകള്‍, അതിര്‍ത്തി തര്‍ക്കങ്ങളും വഴിതടസപ്പെടുത്തലും വയോജന സംരക്ഷണം, കെട്ടിട നിര്‍മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പര്‍, നികുതി), പൊതുജലസ്രോതസുകളുടെ സംരക്ഷണവും കുടിവെള്ളവും, റേഷന്‍ കാര്‍ഡ് (എപിഎല്‍/ബിപിഎല്‍)ചികിത്സാ ആവശ്യങ്ങള്‍ക്ക്, വന്യജീവി ആക്രമണങ്ങളില്‍ നിന്നുള്ള സംരക്ഷണം/ നഷ്ടപരിഹാരം, വിവിധ സ്‌കോളര്‍ഷിപ്പുകള്‍ സംബന്ധിച്ചുള്ള പരാതികള്‍/അപേക്ഷകള്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതികളും നിവേദനങ്ങളും അദാലത്തില്‍ നല്‍കാം. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം/ സഹായം, കൃഷിനാശത്തിനുള്ള സഹായങ്ങള്‍, കാര്‍ഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇന്‍ഷുറന്‍സ്, ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ, മത്സ്യ ബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ, ശാരീരിക, ബുദ്ധി, മാനസിക വൈകല്യമുള്ളവരുടെ പുനരധിവാസം, ധനസഹായം, പെന്‍ഷന്‍, വിവിധ ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വിഷയങ്ങള്‍, പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍, വ്യവസായ സംരംഭങ്ങള്‍ക്കുള്ള അനുമതി തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളും അദാലത്തില്‍ പരിഗണിക്കും.
അപായസാധ്യതയുള്ള ശിഖരങ്ങള്‍ മുറിച്ചു മാറ്റണം: ജില്ലാ കളക്ടര്‍
വേനല്‍ മഴയോടൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ദുരന്ത സാഹചര്യം ഒഴിവാക്കുന്നതിനായി സ്വകാര്യ വസ്തുവില്‍ നില്‍ക്കുന്ന വൃക്ഷങ്ങളുടെ അപായസാധ്യതയുള്ള ശിഖരങ്ങള്‍/ഭാഗങ്ങള്‍ മുറിച്ചു മാറ്റുകയോ, കോതിയൊതുക്കുകയോ ചെയ്യുന്നതിനുള്ള നടപടികള്‍ പഞ്ചായത്ത് രാജ് ആക്ട് സെക്ഷന്‍ 238 പ്രകാരം ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സ്വീകരിക്കേണ്ടതാണെന്നും സര്‍ക്കാര്‍/വകുപ്പ് വക ഭൂമിയില്‍ നില്‍ക്കുന്ന അപകടകരമായ വൃക്ഷങ്ങളുടെ അപായസാധ്യതയുള്ള ശിഖരങ്ങള്‍/ഭാഗങ്ങള്‍ മുറിച്ചു മാറ്റുകയോ, കോതിയൊതുക്കുകയോ ചെയ്യുന്നതിനുള്ള നടപടികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിക്കേണ്ടതാണെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു. ഇപ്രകാരം അപകടകരമായി നില്‍ക്കുന്ന വൃക്ഷങ്ങളുടെ ശിഖരങ്ങള്‍/ശാഖകള്‍ മുറിച്ചുമാറ്റുകയോ, കോതിയൊതുക്കയോ ചെയ്യാത്തപക്ഷം ഉണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങള്‍ക്കും ഭൂഉടമ/വകുപ്പുകള്‍ക്കായിരിക്കും പൂര്‍ണ ഉത്തരവാദിത്തമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
ജില്ലയില്‍ താപനില 36 ഡിഗ്രി സെല്‍ഷ്യസ് കടന്നു
പത്തനംതിട്ട ജില്ലയില്‍ മിക്കയിടത്തും ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് കടന്നു. ജില്ലയിലെ ശരാശരി ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് ആണ്. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന താപനില 38.4 ഡിഗ്രി സെല്‍ഷ്യസ് കഴിഞ്ഞ ദിവസം വെങ്കുറിഞ്ഞിയില്‍ രേഖപ്പെടുത്തി. മാര്‍ച്ച് മാസത്തില്‍ നിന്ന് വിഭിന്നമായി പകല്‍ താപനിലയോടൊപ്പം രാത്രി താപനിലയിലുണ്ടായ വര്‍ധനവും ഉയര്‍ന്ന അന്തരീക്ഷ ആര്‍ദ്രതയും ഉഷ്ണം അസഹീനമാക്കി. മിക്കയിടത്തും ഏറ്റവും കുറഞ്ഞ താപനില 25 ഡിഗ്രി സെല്‍ഷ്യസ് കടന്നു. ശരാശരി ദൈനംദിന താപനില മിക്ക സ്ഥലത്തും 31 ഡിഗ്രി കടന്നു. മാര്‍ച്ച് മാസത്തിലെ ദൈനംദിന ശരാശരി താപനില 29 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു.
രണ്ട് സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ കെട്ടിടത്തിന് അറ്റകുറ്റപ്പണി
നടത്തുന്നതിന് 43.58 ലക്ഷം രൂപ അനുവദിച്ചു
കോന്നി നിയോജക മണ്ഡലത്തിലെ രണ്ട് സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ കെട്ടിടത്തിന് അറ്റകുറ്റപ്പണി നടത്തുന്നതിനായി 43.58 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. കെ. യൂ. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. തണ്ണിത്തോട് വെല്‍ഫെയര്‍ യുപി സ്‌കൂള്‍ പുനരുദ്ധാരണത്തിനായി 29.58 ലക്ഷം രൂപയും കോന്നി ഗവ. എല്‍പി സ്‌കൂള്‍ പുനരുദ്ധാരണത്തിനായി 14 ലക്ഷം രൂപയുമാണ് അനുവദിച്ചത്. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി സര്‍ക്കാര്‍ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് തുക അനുവദിച്ചത്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് നിര്‍വഹണ ചുമതല. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് പ്രവര്‍ത്തികള്‍ അടിയന്തരമായി ആരംഭിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശം നല്‍കുമെന്ന് എംഎല്‍എ അറിയിച്ചു.
പാടം ഇരുട്ടുതറ ലക്ഷംവീട് കോളനിയുടെ ഒരു കോടി
രൂപയുടെ വികസന പ്രവര്‍ത്തികളുടെ ഉദ്ഘാടനം
കലഞ്ഞൂര്‍ പാടം ഇരുട്ടുതറ ലക്ഷംവീട് കോളനിയുടെ ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തികള്‍ നാളെ വൈകിട്ട് മൂന്ന് മണിക്ക് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. അടിസ്ഥാന വികസന സൗകര്യങ്ങളില്‍ പിന്നോക്കം നില്‍ക്കുന്ന പട്ടികജാതി കോളനികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി പട്ടികജാതി- പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പാക്കിവരുന്ന അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്. കോളനിയിലെ റോഡുകളും വീടുകളും പൊതു കിണറും പുനരുദ്ധാരണം നടത്തുകയും ശൗചാലയ നിര്‍മാണവും സോളാര്‍ വഴിവിളക്കുകള്‍ സ്ഥാപിക്കലും പ്രവര്‍ത്തിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വൈകിട്ട് മൂന്നിന് പാടം ലക്ഷംവീട് അംഗന്‍വാടിയിലാണ് ഉദ്ഘാടന ചടങ്ങ് നടക്കുക. കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി. പുഷ്പവല്ലി അധ്യക്ഷയാകും. പറക്കോട് ബ്ലോക്ക് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പട്ടികജാതി പട്ടിക വര്‍ഗ ക്ഷേമം: നിയമസഭ സമിതി ഏപ്രില്‍ 19ന് പത്തനംതിട്ടയില്‍
കേരള നിയമസഭ- പട്ടികജാതി പട്ടിക വര്‍ഗ ക്ഷേമം സംബന്ധിച്ച സമിതി ഏപ്രില്‍ 19 ന് രാവിലെ 10 ന് പത്തനംതിട്ട ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. സമിതിയുടെ പരിഗണനയിലുളളതും പത്തനംതിട്ട ജില്ലയില്‍ നിന്നും ലഭിച്ചിട്ടുളളതുമായ പരാതികളിന്മേല്‍ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരില്‍ നിന്നും തെളിവെടുപ്പ് നടത്തുന്നതും പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ സംബന്ധിച്ച് വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും ഹര്‍ജികള്‍/നിവേദനങ്ങള്‍ സ്വീകരിക്കുകയും ചെയ്യും. യോഗത്തിനുശേഷം സമിതി മൂഴിയാര്‍ വനമേഖലയില്‍ അധിവസിക്കുന്ന നൊമാഡിക് മലമ്പണ്ടാര വിഭാഗത്തിലെ കുടുംബങ്ങളെ സന്ദര്‍ശിക്കും.
പ്രായോഗിക പരീക്ഷ
പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ ഗ്രേഡ് രണ്ട് (എച്ച് ഡി വി) (കാറ്റഗറി നം.17/2021) തസ്തികയുടെ 11/11/2022 തീയതിയില്‍ നിലവില്‍ വന്ന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ ഏപ്രില്‍ 18,19 തീയതികളില്‍ പ്രായോഗിക പരീക്ഷ നടത്തും. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും ഇത് സംബന്ധിച്ച് എസ് എം എസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന അറിയിപ്പു നല്‍കിയിട്ടുണ്ട്. വിശദ വിവരങ്ങള്‍ക്ക് ഉദ്യോഗാര്‍ഥികള്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രൊഫൈല്‍ പരിശോധിക്കുക. പ്രായോഗിക പരീക്ഷയ്ക്ക് ഹാജരാകുന്ന ഉദ്യോഗാര്‍ഥികള്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. ഫോണ്‍ . 0468 2222665.
വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് പരീക്ഷാഫലം പ്രഖ്യാപിച്ചു
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ തിരുവനന്തപുരം സെന്റര്‍ 2022 സെപ്റ്റംബര്‍ ബാച്ച് വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. ജെ സിദ്ധാര്‍ത്ഥ് ഒന്നാം റാങ്കിനും ബി.ഗൗരി രണ്ടാം റാങ്കിനും പി.എസ് അരുണ്‍കുമാര്‍ മൂന്നാം റാങ്കിനും അര്‍ഹരായി. ഒന്നാം റാങ്കിന് അര്‍ഹനായ ജെ. സിദ്ധാര്‍ത്ഥ് തിരുവനന്തപുരം പേരൂര്‍ക്കട ജോബി മന്ദിരത്തില്‍ എ.എസ്.ജോബിയുടേയും എസ് സൂസന്റേയും മകനാണ്. രണ്ടാം റാങ്കിന് അര്‍ഹയായ ബി. ഗൗരി തിരുവനന്തപുരം വലിയവിള മണ്ണറത്തല ലെയിനില്‍ വി ബാബുരാജിന്റെയും, എല്‍ ബിന്ദുവിന്റെയും മകളാണ്. മൂന്നാം റാങ്കിന് അര്‍ഹനായ പി.എസ് അരുണ്‍കുമാര്‍ കൊല്ലം പുത്തൂര്‍ പൊന്നിത്തേരില്‍ വീട്ടില്‍ വൈ. പദ്മകുമാറിന്റേയും എല്‍. ശ്യാമളയുടേയും മകനാണ്. പരീക്ഷാഫലം അക്കാദമി വെബ്സൈറ്റായ www.keralamediaacademy.org ല്‍ ലഭിക്കും.
ലേലം മാറ്റി വച്ചു
പ്രമാടം ഗ്രാമപഞ്ചായത്തിലെ പൂങ്കാവ് ഷോപ്പിംഗ് കോംപ്ലക്സിലെ ഒഴിഞ്ഞ കടമുറികളുടെ ലേലം ഏപ്രില്‍ 17 ന് നടത്താനിരുന്നത് അന്നേ ദിവസം പ്രമാടം പിഎച്ച്സി യുടെ സ്വീകരണോദ്ഘാടനം നടക്കുന്നതിനാല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചതായും പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും പ്രമാടം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
































