റീല്‍സ് മത്സരം
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം എന്റെ കേരളം 2023 പ്രദര്‍ശന വിപണന സേവന മേളയോട് അനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ റീല്‍സ് മത്സരം സംഘടിപ്പിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി 30 സെക്കന്റ് ദൈര്‍ഘ്യമുള്ള റീല്‍സ് തയാറാക്കണം. വികസന ദൃശ്യങ്ങള്‍ പകര്‍ത്തുകയോ, സര്‍ക്കാരിന്റെ വികസന നേട്ടങ്ങളെക്കുറിച്ച് സംസാരിക്കുകയോ ആകാം. റീല്‍സ്, പേര്, വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവ [email protected] എന്ന മെയിലിലേക്ക് അയയ്ക്കണം. അവസാന തീയതി മേയ് 18. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ഫലകവും സമ്മാനമായി നല്‍കും.
വികസന ഫോട്ടോഗ്രാഫി മത്സരം
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം എന്റെ കേരളം 2023 പ്രദര്‍ശന വിപണന സേവന മേളയോട് അനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വികസന ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളാണ് ഫോട്ടോഗ്രാഫിയില്‍ പകര്‍ത്തേണ്ടത്. ഫോട്ടോ, പേര്, വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവ [email protected] എന്ന മെയിലിലേക്ക് അയയ്ക്കണം. അവസാന തീയതി മേയ് 18. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ഫലകവും സമ്മാനമായി നല്‍കും.
ചിത്രരചനാ മത്സരം മേയ് 13ന് പത്തനംതിട്ടയില്‍
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പത്തനംതിട്ട ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും സഹകരണത്തോടെ നടത്തുന്ന ചിത്രരചനാ മത്സരത്തിന് രജിസ്റ്റര്‍ ചെയ്യാം. പത്തനംതിട്ട ജില്ലയിലെ കുട്ടികള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത. മേയ് 13ന് രാവിലെ 10ന് പത്തനംതിട്ട മാര്‍ത്തോമ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍വച്ചാണ് മത്സരം. ജൂനിയര്‍ (5, 6, 7 ക്ലാസിലെ കുട്ടികള്‍), സീനിയര്‍ (8, 9, 10 ക്ലാസിലെ കുട്ടികള്‍) വിഭാഗങ്ങളിലാണ് മത്സരം. രജിസ്‌ട്രേഷന്റെ അവസാന തീയതി മേയ് ആറ്. ഇരു വിഭാഗങ്ങളിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ലഭിക്കുന്ന കുട്ടികള്‍ക്ക് 3000, 2000, 1000 രൂപയും സര്‍ട്ടിഫിക്കറ്റും സമ്മാനമായി ലഭിക്കും. രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക്: https://forms.gle/rLsNd9xt9nYXBmFy5. കൂടുതല്‍ വിവരത്തിന് ഫോണ്‍: 9446185196.
കരുതലും കൈത്താങ്ങും താലൂക്ക്തല പരാതിപരിഹാര
അദാലത്തിന് മേയ് രണ്ടിന് പത്തനംതിട്ടയില്‍ തുടക്കമാകും
സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന കരുതലും കൈത്താങ്ങും താലൂക്ക്തല പരാതി പരിഹാര അദാലത്തിന് മേയ് രണ്ടിന് രാവിലെ 10ന് പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ തുടക്കമാകും. കോഴഞ്ചേരി താലൂക്കിന്റെ അദാലത്താണ് ഇവിടെ നടക്കുക. മന്ത്രിമാരായ വീണാ ജോര്‍ജ്, പി. രാജീവ്, ജി.ആര്‍. അനില്‍ എന്നിവരുടെ നേതൃത്വത്തില്‍ അദാലത്തില്‍ പരാതികള്‍ക്ക് പരിഹാരം കാണും. ഉദ്യോഗസ്ഥ തലത്തില്‍ പരിഹരിക്കാന്‍ കഴിയാത്ത വിഷയങ്ങളില്‍ അദാലത്തില്‍ മന്ത്രിമാര്‍ തീരുമാനം കൈക്കൊളളും.
അദാലത്തില്‍ അപേക്ഷ നല്‍കിയിട്ടുള്ളവര്‍ക്ക് രജിസ്‌റ്റേഡ് മൊബൈല്‍ നമ്പറില്‍ എസ്എംഎസായി അറിയിപ്പ് നല്‍കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കുന്നവര്‍ അദാലത്തില്‍ എത്തണം. നാലിന് മല്ലപ്പള്ളി, ആറിന് അടൂര്‍, എട്ടിന് റാന്നി, ഒന്‍പതിന് തിരുവല്ല, 11ന് കോന്നി താലൂക്കുകളിലായാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. മല്ലപ്പള്ളി സിഎംഎസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മല്ലപ്പള്ളി താലൂക്കിന്റെയും അടൂര്‍ ഹോളി എയ്ഞ്ചല്‍സ് ഹയര്‍ സെക്കഡറി സ്‌കൂളില്‍ അടൂര്‍ താലൂക്കിന്റെയും പഴവങ്ങാടി വൈഎംസിഎ ഹാളില്‍ റാന്നി താലൂക്കിന്റെയും തിരുവല്ല എസ്.സി.എസ് ജംഗ്ഷനിലെ അലക്സാണ്ടര്‍ മാര്‍ത്തോമ ഹാളില്‍ തിരുവല്ല താലൂക്കിന്റെയും കോന്നി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഹാളില്‍ കോന്നി താലൂക്കിന്റെയും അദാലത്ത് നടക്കും.
പൊതു ജനങ്ങളില്‍ നിന്നു താലൂക്കുതല അദാലത്തിലേക്ക് 1911 പരാതികള്‍ ലഭിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ 15 വരെയായിരുന്നു പരാതികള്‍ അദാലത്തില്‍ സ്വീകരിച്ചിരുന്നത്. അടൂര്‍ താലൂക്കിലാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത് -514 പരാതികള്‍. കോഴഞ്ചേരി 375, കോന്നി 328, റാന്നി 252, തിരുവല്ല 260, മല്ലപ്പള്ളി 182 എന്നതാണ് പരാതികളുടെ മറ്റു താലൂക്കുകളിലെ നില.