29.4 C
Pathanāmthitta
Monday, January 17, 2022 9:56 am
- Advertisment -

സര്‍ക്കാര്‍ അറിയിപ്പുകള്‍

ചെറുകിട തൊഴില്‍ സംരംഭയൂണിറ്റ് ; മത്സ്യത്തൊഴിലാളി വനിത ഗ്രൂപ്പുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പിന് കീഴില്‍ മത്സ്യത്തൊഴിലാളി വനിതകളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമെന്‍ (എസ്എഎഫ്) നേതൃത്വത്തില്‍ തീരമൈത്രി പദ്ധതി പ്രകാരം ചെറുകിട തൊഴില്‍ സംരംഭ യൂണിറ്റുകള്‍ ആരംഭിക്കുന്നതിനായി മത്സ്യത്തൊഴിലാളി വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 20 വയസിനും 40 വയസിനും ഇടയിലുളളവരും മത്സ്യത്തൊഴിലാളി കുടുംബ രജിസ്റ്ററില്‍ (എഫ്എഫ്ആര്‍) അംഗത്വമുളള രണ്ട് മുതല്‍ അഞ്ച് വരെ പേരടങ്ങുന്ന ഗ്രൂപ്പായിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വെളളപ്പൊക്കം, ഓഖി മുതലായ പ്രകൃതി ദുരന്തങ്ങള്‍ക്കിരയായ കുടുംബങ്ങളില്‍ നിന്നുളളവര്‍ക്കും തീരനൈപുണ്യ കോഴ്സില്‍ പങ്കെടുത്ത കുട്ടികള്‍ക്കും മുന്‍ഗണന ലഭിക്കും. പദ്ധതി തുകയുടെ 75 ശതമാനം ഗ്രാന്റായും, 20 ശതമാനം ബാങ്ക് ലോണും, 5 ശതമാനം ഗുണഭോക്തൃ വിഹിതവുമായിരിക്കും. ഒരംഗത്തിന് പരമാവധി ഒരുലക്ഷം രൂപ വരെ സബ്സിഡിയായി ലഭിക്കും.

ഡ്രൈ ഫിഷ് യൂണിറ്റ്, ഹോട്ടല്‍ ആന്റ് കാറ്ററിംഗ്, ഫിഷ് ബൂത്ത്, ഫ്ളോര്‍മില്‍, ഹൗസ് കീപ്പിംഗ്, ഫാഷന്‍ ഡിസൈനിംഗ്, ടൂറിസം, ഐ.ടി കിയോസ്‌ക്, പ്രൊവഷന്‍ സ്റ്റോര്‍, ട്യൂഷന്‍ സെന്റര്‍, കംപ്യൂട്ടര്‍ – ഡി.ടി.പി സെന്റര്‍ മുതലായ യൂണിറ്റുകളാണ് ഈ പദ്ധതി വഴി ആരംഭിക്കാം. അപേക്ഷകള്‍ മത്സ്യഭവനുകളില്‍ നിന്നും സാഫിന്റെ നോഡല്‍ ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 30 അഞ്ച് വരെ. ഫോണ്‍ : 9526880456, 9288908487, 7907422550.

സൗജന്യ പരിശീലനത്തിന് അപേക്ഷിക്കാന്‍ തീയതി നീട്ടി
പട്ടികജാതി വികസന വകുപ്പിന് വേണ്ടി സൈബര്‍ശ്രീ സി-ഡിറ്റ് നടപ്പിലാക്കി വരുന്ന ഹരിപ്പാട് സബ് സെന്ററില്‍ ഡിജിറ്റല്‍ പ്രിന്റ് ആന്‍ഡ് വെബ് ഡിസൈന്‍, കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍സ് മാനേജ്മെന്റ് എന്നീ സൗജന്യ പരിശീലനത്തിന് അപേക്ഷിക്കാനുള്ള തീയതി ഒക്ടോബര്‍ 22 വരെ നീട്ടി. യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം /മൂന്ന് വര്‍ഷ ഡിപ്ലോമ /എഞ്ചിനീയറിംഗ് പാസായവര്‍ക്കും കോഴ്സ് പൂര്‍ത്തീകരിച്ചവര്‍ക്കും അവസരം ലഭിക്കും. പ്രായ പരിധി 21-26 വയസ്. വിശദ വിവരങ്ങള്‍ www.cybersri.org എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ അല്ലെങ്കില്‍ പ്രോജക്ട് മാനേജര്‍, സൈബര്‍ശ്രീ പ്രൊജക്റ്റ്, സി-ഡിറ്റ്, ചിത്രാഞ്ജലി ഹില്‍സ്, തിരുവല്ലം പോസ്റ്റ്, തിരുവനന്തപുരം 695027 എന്ന വിലാസത്തിലോ അയക്കണം. ഫോണ്‍ : 9895478273, 9895788334.

മല്ലപ്പള്ളി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ റദ്ദായ രജിസ്ട്രേഷന്‍ പുതുക്കുന്നതിന് അവസരം
വിവിധ കാരണങ്ങളാല്‍ 2000 ജനുവരി ഒന്നുമുതല്‍ 2021 ആഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ (എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ കാര്‍ഡില്‍ പുതുക്കേണ്ടുന്ന മാസം 10/99 മുതല്‍ 06/2021 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക്) എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ നിയമാനുസൃതം പുതുക്കാതിരുന്നവര്‍ക്കും പുതുക്കാതെ റീ രജിസ്ട്രേഷന്‍ ചെയ്തവര്‍ക്കും ഈ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ജോലി ലഭിച്ച വിടുതല്‍ സര്‍ട്ടിഫിക്കറ്റ് യഥാസമയം ചേര്‍ക്കാത്തതിനാല്‍ സീനിയോരിറ്റി നഷ്ടപ്പെട്ടവര്‍ക്കും ലഭിച്ച ജോലി പൂര്‍ത്തിയാക്കാനാവാതെ മെഡിക്കല്‍ ഗ്രൗണ്ടിലോ ഉപരിപഠനത്തിനു വേണ്ടിയോ വിടുതല്‍ ചെയ്തവര്‍ക്കും അവരുടെ സീനിയോരിറ്റി പുനഃസ്ഥാപിച്ചു നല്‍കുന്നു. മല്ലപ്പള്ളി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് നവംബര്‍ 30 വരെയുള്ള എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും രജിസ്ട്രേഷന്‍ കാര്‍ഡ് സഹിതം നേരിട്ടോ ദൂതന്‍ മുഖേനയോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഓണ്‍ലൈന്‍ ഹോം പേജിലെ സ്പെഷ്യല്‍ റിന്യൂവല്‍ ഓപ്ഷന്‍ വഴിയോ സ്മാര്‍ട്ട് ഫോണ്‍ സംവിധാനത്തിലൂടെയോ അപേക്ഷ സമര്‍പ്പിക്കാമെന്ന് മല്ലപ്പള്ളി എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.

പുരയിടം ലേലം ചെയ്യും
മല്ലപ്പുഴശ്ശേരി വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 12-ല്‍ 6477-നമ്പര്‍ തണ്ടപ്പരും പടി റീസര്‍വെ നമ്പര്‍ 307/9ല്‍ പ്പെട്ട 12 ആര്‍ 91 ച.സെമി സ്ഥലത്തുനിന്നും 04.10 ആര്‍ പുരയിടവും അതിനുള്ളിലുള്ള സകല ചമയങ്ങളും നവംബര്‍ 20ന് പകല്‍ 11 ന് മല്ലപ്പുഴശ്ശേരി വില്ലേജില്‍ ഓഫീസില്‍ പരസ്യമായി ലേലം ചെയ്യുമെന്ന് തഹസില്‍ദാര്‍ (ആര്‍.ആര്‍) അറിയിച്ചു.

മൈലപ്ര ഗ്രാമപഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
മൈലപ്ര ഗ്രാമപഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റിനെ താത്കാലിക തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. യോഗ്യതകള്‍ – സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോള്‍/സാങ്കതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ് (ഡിസിപി)/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്മെന്റ് പാസായിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കുകയും വേണം. പ്രായപരിധി 2021 ജനുവരി ഒന്നിന് 18നും 30നും ഇടയില്‍. പട്ടികജാതി, പട്ടികവര്‍ഗവിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്ത ഇളവ് അനുവദിക്കും. ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അപേക്ഷ ഈ മാസം 20 ന് മുമ്പ് മൈലപ്ര ഗ്രാമപഞ്ചായത്തില്‍ ലഭിക്കണം. ഫോണ്‍ : 04682-222340.

ലേലം ചെയ്യും
അടൂര്‍ താലൂക്കില്‍ ഏനാത്ത് വില്ലേജില്‍ ബ്ലോക്ക് 18 ല്‍ റീസര്‍വെ 356/11, 356/12 ല്‍ പ്പെട്ട പുറമ്പോക്കില്‍ നിന്നിരുന്ന ഒരു മാവ് മുറിച്ച് നാല് കഷണങ്ങളാക്കിയതും വിറകും കസ്റ്റഡിയില്‍ എടുത്തിട്ടുള്ളതാണ്. തടികഷണങ്ങള്‍ (4 എണ്ണം), വിറക് എന്നിവ ഈ മാസം 30 ന് പകല്‍ 11 ന് തഹസില്‍ദാര്‍ (എല്‍.ആര്‍), അല്ലെങ്കില്‍ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഏനാത്ത് വില്ലേജ് ഓഫീസില്‍ പരസ്യമായി ലേലം ചെയ്തു വില്‍ക്കും. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിരതദ്രവ്യം കെട്ടിവച്ച് ലേലത്തില്‍ പങ്കെടുക്കണം. ഫോണ്‍ : 04734-224826.

ഇന്റര്‍വ്യൂ
മണ്ഡലപൂജ-മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് ശബരിമലയില്‍ ദിവസവേതന വ്യവസ്ഥയില്‍ ജോലി നോക്കാനായി അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ഥികള്‍ക്കായുള്ള അഭിമുഖത്തിന്റെ തീയതികള്‍ പ്രസിദ്ധീകരിച്ചു. ഒക്ടോബര്‍ 20 ന് ഇന്റര്‍വ്യൂവിന് തുടക്കമാകും. അഞ്ചു ദിവസങ്ങളിലായാണ് ഇന്റര്‍വ്യൂ നടക്കുക. വിശദവിവരങ്ങള്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ www.travancoredevaswomboard.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

- Advertisment -
Advertisment
Advertisment
- Advertisment -
- Advertisment -

Most Popular