അങ്കണവാടി ഹെല്‍പ്പര്‍: അപേക്ഷ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോയിപ്രം ശിശു വികസനപദ്ധതി ഓഫീസിന്റെ പരിധിയിലുളള ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ ഹെല്‍പ്പര്‍മാരെനിയമിക്കുന്നതിനായി 18നും 46നും ഇടയില്‍ പ്രായമുളള ഗ്രാമപഞ്ചായത്തിലെ സ്ഥിരം താമസക്കാരായ വനിതാ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ എഴുത്തും വായനയും അറിയണം. എസ്.എസ്.എല്‍.സി പാസായവര്‍ അപേക്ഷിക്കരുത്. അപേക്ഷയുടെ മാതൃക കോയിപ്രം ശിശുവികസന പദ്ധതി ഓഫീസിലും ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലും പഞ്ചായത്തിലെ അങ്കണവാടികളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ നേരിട്ടോ/തപാല്‍ മാര്‍ഗമോ ശിശു വികസനപദ്ധതി ഓഫീസര്‍, ശിശുവികസന പദ്ധതി ഓഫീസ് കോയിപ്രം, ശിശുവികസന പദ്ധതി ഓഫീസ്, പുല്ലാട് പി.ഒ, കോയിപ്രം എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 30. ഫോണ്‍: 0469 2 997 331.
ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്
കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ് (സി.എഫ്.ആര്‍.ഡി) ന്റെ ഉടമസ്ഥതയിലുളള കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജിയില്‍ കെമിസ്ട്രി വിഷയത്തില്‍ ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. യോഗ്യത – ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദം (നെറ്റ് അഭികാമ്യം). താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ ഈ മാസം 18ന് രാവിലെ 10 ന് കോന്നി സിഎഫ്ആര്‍ഡി ആസ്ഥാനത്തു നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും തിരിച്ചറിയല്‍ രേഖയും കൊണ്ടുവരണം.
ശബരിമല തീര്‍ഥാടനത്തിന്
തയ്യാറെടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മണ്ഡല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് ശബരിമല നടതുറക്കുന്ന സാഹചര്യത്തില്‍ തീര്‍ഥാടനത്തിന് തയ്യാറെടുക്കുന്നവര്‍ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ചുവടെയുളള കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍.അനിതകുമാരി അറിയിച്ചു. ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകള്‍, ഹൃദ്രോഗം, മറ്റ് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ തുടങ്ങിയവ ഉള്ളവര്‍ മലകയറ്റം ഒഴിവാക്കണം. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയരോഗങ്ങള്‍ ഉള്ളവര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍, നിലവിലുള്ള അസുഖങ്ങളെ സംബന്ധിച്ച ചികിത്സാരേഖകള്‍ എന്നിവ കയ്യില്‍ കരുതണം. വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായി നിലവില്‍ കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്. മലകയറുന്നതിന് കുറഞ്ഞത് രണ്ടാഴ്ച മുന്‍പ് മുതല്‍ ദിവസവും അരമണിക്കൂര്‍ നടത്തം/ജോഗിംഗ് ശീലമാക്കി ശാരീരികക്ഷമത ഉറപ്പുവരുത്തണം. പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടെ പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കണം. പനി, ചുമ, ശ്വാസതടസം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ യാത്ര ഒഴിവാക്കുക. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ തീര്‍ത്ഥാടനത്തിനു മുന്‍പ് ചികിത്സിക്കുന്ന ഡോക്ടറുടെ ഉപദേശം തേടണം.
സൗജന്യപരിശീലനം
എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഉടന്‍ ആരംഭിക്കുന്ന ഫാസ്റ്റ് ഫുഡ്, കേക്ക് അടക്കമുള്ള ബേക്കറി ഉത്പന്നങ്ങളുടെ സൗജന്യ പരിശീലനം ഈ മാസം 22 മുതല്‍ ആരംഭിക്കും. താത്പര്യമുള്ളവര്‍ 8330 010 232 , 0468 2 270 243 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യുക.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൈമാറി
വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിലെ 15 വാര്‍ഡുകളിലെ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമായി ഹരിതകര്‍മ സേന മുഖേന ശേഖരിച്ച 479.5 കി.ഗ്രാം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറിയതായി പ്രസിഡന്റ് അറിയിച്ചു.
കേരളോത്സവം 19,20 തീയതികളില്‍
മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് കേരളോത്സവം നവംബര്‍ 19, 20 തീയതികളില്‍ നടത്തും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ നവംബര്‍ 17 നുളളില്‍ രജിസ്‌ട്രേഷന്‍ ഫോറം പൂരിപ്പിച്ച് പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍ : 0468 2300223.
ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവ്
ചെന്നീര്‍ക്കര ഗവ. ഐ.ടി.ഐ യില്‍ ടെക്‌നീഷ്യന്‍ പവര്‍ ഇലക്ട്രോണിക്സ് സിസ്റ്റംസ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. ഇലക്ട്രോണിക്സ് /ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീറിംഗില്‍ ഡിഗ്രി /ഡിപ്ലോമ അല്ലെങ്കില്‍ ടെക്‌നീഷ്യന്‍ പവര്‍ ഇലക്ട്രോണിക്സ് സിസ്റ്റംസ് ട്രേഡില്‍ എന്‍. റ്റി. സി ./എന്‍. എ. സി. യോഗ്യതയും പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ ഈ മാസം 16ന് രാവിലെ 11ന് ഇന്റര്‍വ്യൂവിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ചെന്നീര്‍ക്കര ഐടിഐയില്‍ ഹാജരാകണം. ഫോണ്‍ : 0468 2 258 710.
കേരളോത്സവം നവംബര്‍ 18,19 തീയതികളില്‍
മൈലപ്ര ഗ്രാമപഞ്ചായത്തിലെ കേരളോത്സവം നവംബര്‍ 18,19 തീയതികളില്‍ നടത്തുന്നു. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നവംബര്‍ 15ന് വൈകിട്ട് അഞ്ചിന് മുമ്പായി പഞ്ചായത്തോഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9400 339 956, 9946 349 007.
പ്രീഡിഡിസി യോഗം 19ന്
ജില്ലാ വികസന സമിതിയുടെ പ്രീഡിഡിസി യോഗം ഈ മാസം 19ന് രാവിലെ 11ന് ഒണ്‍ലൈനായി ചേരും.
ലക്ചറര്‍ ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്
ഐഎച്ച്ആര്‍ഡി പൈനാവ് മോഡല്‍ പോളിടെക്നിക് കോളേജില്‍ ലക്ചറര്‍ ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് തസ്തികയിലേയ്ക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഫസ്റ്റ് ക്ലാസ് ബിടെക്ക് ബിരുദമാണ് യോഗ്യത. അപേക്ഷകള്‍ ബയോഡേറ്റ [email protected] ല്‍ അയക്കണം. അവസാന തിയതി ഈ മാസം 15. ഫോണ്‍ : 0486 2 297 617, 8547 005 084, 9495 276 791.
കേരളോത്സവം നവംബര്‍ 17,18,19 തീയതികളില്‍
ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിലെ കേരളോത്സവം നവംബര്‍ 17,18,19 തീയതികളില്‍ നടത്തും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ മാസം 15ന് വൈകിട്ട് നാലിന് മുമ്പായി പഞ്ചായത്തോഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0468 2 350 316.
ജില്ലാതല ശിശുദിനാഘോഷം 14ന് പത്തനംതിട്ടയില്‍
ജില്ലാതല ശിശുദിനാഘോഷം ‘വര്‍ണോത്സവം 2022’ നവംബര്‍ 14 ന് വിപുലമായ പരിപാടികളോടെ പത്തനംതിട്ടയില്‍ നടക്കും. ജില്ലാ ശിശുക്ഷേമ സമിതിയുടെയും ജില്ലയിലെ വിദ്യാലയങ്ങളുടെയും, എന്‍സിസി, സ്‌കൗട്ട്, കുടുംബശ്രീ, നെഹ്‌റു യുവ കേന്ദ്ര, എസ്പിസി കേഡറ്റുമാര്‍ എന്നിവരുടെയും സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്. രാവിലെ എട്ടിന് കളക്ടറേറ്റില്‍ നിന്നും ആരംഭിക്കുന്ന ശിശുദിന ഘോഷയാത്ര പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. ജില്ലാ പോലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്‍ പതാക ഉയര്‍ത്തും.
വര്‍ണശബളമായ ശിശുദിന റാലി പത്തനംതിട്ട ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍(തൈക്കാവ്) എത്തിച്ചേരും. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനം പഴകുളം ഗവ എല്‍പിഎസിലെ വിദ്യാര്‍ഥിയും കുട്ടികളുടെ പ്രധാനമന്ത്രിയുമായ നെഹ്‌സീന കെ നദീര്‍ ഉദ്ഘാടനം ചെയ്യും. കൊടുമണ്‍ സെന്റ് പീറ്റേഴ്‌സ് യുപിഎസിലെ വിദ്യാര്‍ഥിയും കുട്ടികളുടെ സ്പീക്കറുമായ ആല്‍ക്ക മേരി ബിജു അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ശിശുദിന സന്ദേശം നല്‍കും. സംസ്ഥാന ശിശുക്ഷേമസമിതി അംഗം പ്രൊഫ. ടി. കെ. ജി നായര്‍ സ്റ്റാമ്പ് പ്രകാശനം നിര്‍വഹിക്കും. ശിശുദിനത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ വിജയികളായ വിദ്യാര്‍ഥികള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും രക്ഷാധികാരിയുമായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ സമ്മാനദാനം നിര്‍വഹിക്കും. കലഞ്ഞൂര്‍ ഗവ എച്ച്എസ്എസിലെ വി. നിരഞ്ജന്‍, ചെന്നീര്‍ക്കര എസ്എന്‍ഡിപി എച്ച്എസ്എസിലെ എല്‍. ജിതാലക്ഷ്മി, ചൂരക്കോട് എന്‍എസ്എസ് എച്ച്എസ്എസിലെ സോജു സി ജോസ് എന്നീ വിദ്യാര്‍ഥികളും ശിശുക്ഷേമ സമിതി ജില്ലാ വൈസ് പ്രസിഡന്റ് പ്രൊഫ.കെ. മോഹന്‍കുമാറും പ്രസംഗിക്കും. ചിത്രരചനാ മത്സരത്തിന്റെ വിജയികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഈ ചടങ്ങില്‍ വിതരണം ചെയ്യുമെന്ന് ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി ജി. പൊന്നമ്മ അറിയിച്ചു.
ജില്ലാ ആസൂത്രണ സമിതി യോഗം 16 ന്
പത്തനംതിട്ട ജില്ലാ ആസൂത്രണ സമിതി യോഗം 16 ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
































