പത്തനംതിട്ട : മുൻവിരോധം കാരണം വീട്ടിൽ അതിക്രമിച്ചുകയറി ഒറ്റയ്ക്ക് താമസിക്കുന്നയാളെ ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ രണ്ടുപേരെ കീഴ്‌വായ്‌പ്പൂർ പോലീസ് പിടികൂടി. ആനിക്കാട് , നൂറോന്മാവ് വെള്ളിയാന്മാവ് കുളമക്കാട് വീട്ടിൽ സജി മാത്യു (62)വിനെയാണ് ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ഞായറാഴ്ച ഉച്ചക്ക് 12.30 നാണ് സംഭവം. വസ്തു തർക്കത്തെ തുടർന്നുള്ള വിരോധത്തിൽ വീട്ടിൽ കയറി അസഭ്യം പറയുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും വസ്ത്രങ്ങൾ വലിച്ചു കീറുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. ആനിക്കാട് വെള്ളിയമാവ് നൂറോന്മാവ് തൊമ്മിക്കാട്ടിൽ വീട്ടിൽ സാജൻ എന്ന് വിളിക്കുന്ന ടി വി വർഗീസ്(53), കൊച്ചുമോൻ എന്ന് വിളിക്കുന്ന ജോർജ് വർഗീസ്(44) എന്നിവരാണ് അറസ്റ്റിലായത്. മൂന്നാം പ്രതി നൂറോന്മാവ് നാട്ടുപറമ്പിൽ മനോജ്
ഒളിവിലാണ്.
രണ്ടാം പ്രതി ജോർജ് വർഗീസ് അസഭ്യം വിളിച്ചുകൊണ്ടു ആദ്യം ഉപദ്രവിച്ചത്. ഇയാൾ പിടിച്ചുതള്ളിയപ്പോൾ ഒന്നാം പ്രതി ഒപ്പം ചേർന്ന് തള്ളിയിട്ട് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തു. മനോജ് സജി മാത്യുവിന്റെ മുഖത്ത് അടിച്ചതായും മൊഴിയിൽ പറയുന്നു. വർഗീസ് സജിയുടെ വസ്ത്രം വലിച്ചുകീറിയശേഷം കയ്യിലിരുന്ന കമ്പുകൊണ്ട് അടിക്കുകയും തലപിടിച്ച് തറയിൽ ഇടിപ്പിക്കുകയും ചെയ്തു. ഈസമയം ജോർജ്ജ് വർഗീസ് വീട്ടിൽ കിടന്ന മൺവെട്ടിയുടെ കൈകൊണ്ട് ഇദ്ദേഹത്തെ മർദ്ദിച്ചു. മൊബൈൽ ഫോണും വീട്ടുപകരണങ്ങൾ പ്രതികൾ നശിപ്പിച്ചതായും പറയപ്പെടുന്നു.
തിരുവല്ല ഗവണ്മെന്റ് ആശുപത്രിയിൽ ചികിത്സ തേടിയശേഷം അടുത്തദിവസം കീഴ്‌വായ്‌പ്പൂർ പോലീസ് സ്റ്റേഷനിലെത്തി സജി മാത്യൂ മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിൽ എസ് ഐ സതീഷ് ശേഖർ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ പ്രതികൾക്കായി നടത്തിയ തെരച്ചിലിൽ രാത്രി 11 മണിയോടെ ഇവരുടെ വീടുകൾക്ക് സമീപത്തുനിന്നും കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനക്ക് ശേഷം സ്റ്റേഷനിൽ ഹാജരാക്കിയ പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. തുടർന്ന് ഇന്നലെ രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. സ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയിൽ ആക്രമണത്തിന് ഉപയോഗിച്ച കമ്പും മൺവെട്ടിയുടെ കൈയും കണ്ടെത്തി. തുടർന്ന് പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. മൂന്നാം പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കി. പോലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.